ലീഗ് നിര്‍മിച്ച വീടുകള്‍ക്ക് പട്ടയമാവശ്യപ്പെട്ട് ഗുജറാത്ത് വംശഹത്യ ഇരകളെത്തി

Posted on: May 4, 2016 9:49 am | Last updated: May 4, 2016 at 9:49 am
GUJARATH2
പട്ടയവും രേഖയും ആവശ്യപ്പെട്ട് ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ കോഴിക്കോട് എത്തിയപ്പോള്‍

കോഴിക്കോട്:ഗുജറാത്തില്‍ മുസ്‌ലിം ലീഗ് നിര്‍മിച്ച് നല്‍കിയ വീടുകള്‍ക്ക് പട്ടയവും രേഖയും ആവശ്യപ്പെട്ട് ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ കേരളത്തില്‍. ഗുജറാത്തിലെ നരോദ്പാട്യയില്‍ ക്രൂരമായ ആക്രമണത്തിന് ഇരകളാകുകയും വീടുകള്‍ അടക്കം സര്‍വതും നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങളിലെ 20 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. 12 പുരുഷന്മാരും എട്ട് സ്ത്രീകളുമടങ്ങിയ സംഘം ഗവേഷണ വിദ്യാര്‍ഥികളായ റിയാനബാലു, ഫാറൂഖ്, ശഹീദ് റൂമി, ആദില്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പമാണ് കേരളത്തിലെത്തിയത്. തങ്ങളുടെ ഹൗസിംഗ് കോളനിയിലെ നരകതുല്യമായ ജീവിത കഥ ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു.

‘2002ലെ ഗുജറാത്ത് വംശഹത്യയില്‍ ഇരകളാക്കപ്പെട്ട 40 കുടുംബങ്ങള്‍ക്കാണ് കേരളത്തിലെ മുസ്‌ലിം ലീഗ് വീട് നിര്‍മിച്ച് നല്‍കിയത്. അഹമ്മദാബാദ് നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങള്‍ തള്ളുന്ന സിറ്റിസണ്‍ നഗറിലെ ഗ്യാസ്പൂര്‍ പിരാനയിലാണ് ഞങ്ങളുടെ ഹൗസിംഗ് കോളനി. 200 സ്‌ക്വയര്‍ ഫീറ്റ് മാത്രം വലുപ്പമുള്ള കൂരകള്‍. പത്തിലധികം പേര്‍ ഓരോ കൂരകളിലും താമസിക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രതിദിനം 3200 മെട്രിക് ടണ്‍ മാലിന്യം തള്ളുന്നുണ്ടിവിടെ. ഇവിടത്തെ വായുവും വെള്ളവും പൂര്‍ണമായും മലിനമാണ്. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ താമസിക്കുന്നവരില്‍ പലരും ഇതിനകം മാരക രോഗങ്ങള്‍ പിടിപ്പെട്ട് മരിച്ചു. വംശഹത്യ കേസിലെ സാക്ഷികളായതിനാല്‍ ജീവിച്ചിരിക്കുന്ന പലരുടെയും ജീവന്‍ ഭീഷണിയിലുമാണ്. 2004ലാണ് ഷാഹ് ആലം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ലീഗ് നിര്‍മിച്ച ഹൗസിംഗ് കോളനിയിലേക്ക് ഞങ്ങളെ പുനരധിവസിപ്പിച്ചത്. പ്രദേശിക കോണ്‍ഗ്രസുകാരനായ നവാബ് ശരീഫ് ഖാന്റെ ഉടമസ്ഥയിലുള്ള നവാബ് ബില്‍ഡേഴ്‌സിനെയാണ് വീടുകള്‍ നിര്‍മിക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും വീടിന്റെ രേഖകള്‍ നവാബ് ബില്‍ഡേഴ്‌സ് നല്‍കിയിട്ടില്ല. ഇതുകാരണം വീടുകള്‍ പുതുക്കിപണിയാനോ, കൂട്ടിചേര്‍ക്കാനോ സാധിക്കുന്നില്ല. ഇതുമായി ബന്ധപെട്ട് നിരവധി തവണ മുസ്‌ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ അഹമ്മദുമായും നവാബ് ബില്‍ഡേഴ്‌സുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഞങ്ങളുടെ കോളനിക്ക് സമീപത്തുള്ള ദൊരാളി യത്തീം ഖാന കോളനി, ചീപ്പാ മേമന്‍ കോളനി എന്നിവയിലെ താമസക്കാര്‍ക്ക് അതിന്റെ രേഖകള്‍ താമസമാക്കിയപ്പോള്‍ തന്നെ നല്‍കി. എന്നാല്‍ ഞങ്ങള്‍ക്ക് മാത്രം ദുരിതം തുടരുകയാണ്. ഞങ്ങളെ അടിയന്തരമായി പുനരധിവസിപിക്കുക, അല്ലെങ്കില്‍ വീടിന്റെ രേഖകള്‍ നല്‍കണമെന്നും വിഷയം പരിഹരിക്കും വരെ കേരളത്തില്‍ തുടരും’- ഇവര്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിലെ ഇരകളെ സഹായിക്കുന്നതിനായി കേരളത്തിനകത്തും പുറത്തുമായി വലിയ തോതില്‍ ഫണ്ട് പിരിച്ചാണ് ലീഗ് വീട് നിര്‍മിച്ച് നല്‍കിയത്. ലീഗിന്റെ ഗുജറാത്ത് ഫണ്ടില്‍ വലിയ തോതില്‍ തിരിമറികള്‍ നടന്നതായി അക്കാലത്ത് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെ ടി ജലീല്‍ അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിഷയം അടക്കം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിനാണ് ജലീലിനെതിരെ പിന്നീട് നടപടികള്‍ ഉണ്ടായത്.