മുസ്‌ലിം സാംസ്‌കാരിക വികസനത്തിന് ബഹുമുഖ പദ്ധതികള്‍: ഖലീല്‍ തങ്ങള്‍

മുസ്‌ലിം ജമാഅത്ത് വിഷന്‍ 2025
Posted on: April 29, 2016 6:52 pm | Last updated: April 29, 2016 at 6:58 pm
KHALEEL THANGAL
സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി

ദോഹ:കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരികമായ പുരോഗതിക്കായി ബഹുമുഖ പദ്ധതികളടങ്ങുന്ന ‘വിഷന്‍ 2025’ ആശയങ്ങളുടെ പ്രയോഗവത്കരണമാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രഥമഘട്ടത്തില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി. മുസ്‌ലിം സമുദായത്തിനപ്പുറം സാമൂഹിക പുരോഗതിയും സൗഹാര്‍ദവും ലക്ഷ്യംവെക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍, കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലയിലേക്കും സമൂഹത്തെ പ്രാപ്തമാക്കുകയും മൗലികമായ സാംസ്‌കാരിക ചുറ്റുപാട് വികസിപ്പിച്ചെടുക്കുകയുമാണ് വിഷന്‍ 2025 വിഭാവനം ചെയ്യുന്നത്. മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറിയായി ചുമലയേറ്റ ശേഷം ദോഹയിലെത്തിയ അദ്ദേഹം സിറാജിനോടു സംസാരിക്കുകയായായിരുന്നു.

മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന മണ്ഡലമായ ഗ്രാമീണ മഹല്ലുകളില്‍ കേന്ദ്രീകരിച്ചാണ് ജനവിഭാഗങ്ങളുടെ സര്‍വോന്മുഖമായ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക. മഹല്ല് തലത്തില്‍ വിവരശേഖരണം നടത്തുന്നതിനുള്ള ശ്രമത്തിലാണ്. സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യ സ്ഥിതികള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സാമൂഹിക പുരോഗതിക്കു വേണ്ട പ്രധാനപ്പെട്ട ഊര്‍ജം വിദ്യാഭ്യാസമാണെന്നു തിരിച്ചറിയുന്നു. മതപരവും ധാര്‍മികവുമായ വിദ്യാഭ്യാസത്തിനായി 1000 പുതിയ മദ്‌റസകള്‍ സ്ഥാപിക്കും. മഹല്ലുകളില്‍ ആബാലവൃദ്ധം ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രതിമാസ ബോധന, പ്രാര്‍ഥനാ സദസ്സുകള്‍ ഒരുക്കും. സ്പിരിച്വല്‍ സാന്ത്വനം അന്വേഷിക്കുന്ന സമൂഹത്തിന് ഗ്രാമതലത്തില്‍ തന്നെ ആശ്വാസം ലഭിക്കുന്ന രീതിയിലുള്ള സാന്നിധ്യമാണ് ഉദ്ദേശ്യം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്യുന്നു. മരങ്ങളും കുന്നുകളുമില്ലാതെ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു സംഭവിക്കുന്ന പരുക്കുകളാണ് കാരണം. ഈ സാഹചര്യങ്ങളില്‍ പ്രകൃതിസംരക്ഷണം സംസ്‌കാരമാക്കുന്നതിനുള്ള ബോധവത്കരണവും പ്രായോഗിക പ്രവര്‍ത്തനങ്ങളും നടത്തും. ഇപ്പോള്‍ തന്നെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ലോകം അവസാനിക്കാന്‍ പോകുകയാണെങ്കിലും ഒരു നിമിഷം അവശേഷിക്കുന്നുവെങ്കില്‍ മരം നടണമെന്നാണ് പ്രവാചകര്‍ പഠിപ്പിച്ചത്. വിഷപ്പച്ചക്കറികള്‍ കഴിച്ച് ആരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ജൈവകൃഷി രീതികളെ ജനകീയമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മലപ്പുറം മഅ്ദിന്‍ വര്‍ഷത്തില്‍ 10 ലക്ഷം വിത്തുകളാണ് വിതരണം ചെയ്യുന്നത്. കൃഷിയെ ഏറ്റവും മഹത്തരമായി കണ്ട മതമാണ് ഇസ്‌ലാം. ഖുര്‍ആനില്‍ 30 സ്ഥലങ്ങളില്‍ കൃഷിയെക്കുറിച്ച് പറയുന്നു.
ആതുര ശുശ്രൂഷാ രംഗത്ത എസ് വൈ എസ് സാന്ത്വനം സേവനങ്ങള്‍ നന്നായി നടക്കുന്നു. ഡയാലിസിസ് സെന്ററുകള്‍ ഉള്‍പ്പെടെ ഇനിയും വികസിപ്പിക്കും. അതോടൊപ്പം ആരോഗ്യമുള്ള സമൂഹത്തിനു വേണ്ടിയുള്ള പ്രായോഗിക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായും സന്നദ്ധസംഘടനകളുമായും സഹകരിക്കും. രോഗം വരാതെ നോക്കുക എന്നതാണ് കാഴ്ചപ്പാട്.
വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണ് സുന്നി സമൂഹം നേടിയെടുത്തത്. വിദേശ സര്‍വകലാശാലകളില്‍ ഫെല്ലോഷിപ്പ് നേടി പോകുന്നവര്‍ നിരവധിയുണ്ട്. സിവില്‍ സര്‍വീസ്, മാനേജ്‌മെന്റ് പഠനരംഗത്തും മതപഠനരംഗത്തെ ആധുനികവത്കരണത്തിലും ശ്രദ്ധിക്കും. ജാമിഅത്തുല്‍ ഹിന്ദ് എന്ന കേന്ദ്രീകൃത സംവിധാനത്തിനു കീഴില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഏകീകരിക്കും. ഭാവിക്കു വേണ്ടി വിദ്യാഭ്യാസത്തിലാണ് നാം കേന്ദ്രീകരിക്കേണ്ടത്. രക്ഷിതാക്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ ഇനിയും മികച്ച സ്ഥാപനങ്ങള്‍ കൊണ്ടു വരും. മഅ്ദിന്‍ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹിഫഌല്‍ ഖുര്‍ആന്‍, ആര്‍ട്‌സ് പഠനത്തിനായി പുല്‍പ്പറ്റയില്‍ ഈ വര്‍ഷം മുതല്‍ ഷീ സ്‌ക്വയര്‍ ആരംഭിച്ചു.
ഗ്രാമീണ മഹല്ലുകളില്‍ അഹ്‌ലുസ്സുന്ന ആദര്‍ശത്തോടു വിയോജിപ്പില്ലാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളോടും സഹകരിച്ചാണ് മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തിക്കുക. തര്‍ക്കങ്ങളോ ഛിദ്രതയോ അല്ല ലക്ഷ്യം. ആദര്‍ശപ്രതിബദ്ധതയുള്ള വിശ്വാസി സമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സുന്നി യുവജനസംഘം, വിദ്യാര്‍ഥി സംഘടന, മാനേജ്‌മെന്റ് അസോസിയേഷന്‍, മുഅല്ലിം സംഘടന, സ്ഥാപനങ്ങള്‍ തുടങ്ങിയ സംഘടനാ രൂപങ്ങളിലൂടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കും.
കൂടാതെ തൊഴിലാളികള്‍, കര്‍ഷകര്‍, വ്യവസായികള്‍, പ്രൊഫഷനലുകള്‍, പണ്ഡിതന്മാര്‍ തുടങ്ങിയ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ പ്രത്യേകം സംബോധന ചെയ്തും സംഘടിപ്പിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തും. സമൂഹത്തില്‍ സര്‍വതലസ്പര്‍ശിയായ ബോധനം എന്ന ആശയത്തിലാണ് മുസ്‌ലിം മജാഅത്ത് വിഷന്‍ തയാറാക്കിയിട്ടുള്ളതെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.