കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം;സോണിയ ഗാന്ധി ഇടപെടുന്നു

Posted on: March 31, 2016 12:04 pm | Last updated: March 31, 2016 at 7:08 pm
SHARE

soniya sudheeranന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെടുന്നു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സോണിയ ഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തി.  കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വൈകിട്ട് നാലരയ്ക്കു സോണിയയെ കാണും. അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുള്‍ വാസ്‌നിക് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് സോണിയ ഗാന്ധി നേരിട്ട് പ്രശ്‌നം പരിഹരിക്കാനായി ഇടപെടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം തീര്‍ക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇന്ന് 11.30ക്ക് അടിയന്തിര സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. തര്‍ക്കമുള്ള അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചചെയ്യും. കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സുധീരനും ഉമ്മന്‍ചാണ്ടിക്കും സ്വീകാര്യമായ ഫോര്‍മുല ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. യോഗത്തിന് മുന്നോടിയായി കേരള ഹൗസില്‍ ഐ ഗ്രൂപ് നേതാക്കള്‍ യോഗം ചേര്‍ന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെ.മുരളീധരന്‍ കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം മല്‍സരിക്കാനില്ലെന്ന് വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ആരോപണ വിധേയരായ അഞ്ച് സിറ്റിങ് എംഎല്‍മാരെ മല്‍സരിപ്പിക്കാന്‍ ആകില്ലെന്ന് സുധീരനും വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. എംഎല്‍എമാര്‍ മാറി നില്‍ക്കാന്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തര്‍ക്കത്തിനുള്ള പരിഹാരശ്രമങ്ങളുമായി രമേശ് ചെന്നിത്തല സംസ്ഥാന നേതാക്കളെയും മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് തുടങ്ങിയ കേന്ദ്രനേതാക്കളേയും കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here