ടിന്‍ ച്യാവ് മ്യാന്മറിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

Posted on: March 31, 2016 5:31 am | Last updated: March 30, 2016 at 11:31 pm
ടിന്‍ ച്യാവ്
ടിന്‍ ച്യാവ്

നായ്പിഡോ: മ്യാന്‍മര്‍ പ്രസിഡന്റായി ആംഗ് സാന്‍ സൂകിയുടെ അടുത്ത സഹായി ടിന്‍ ച്യാവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സൈനിക ഭരണത്തിന് അന്ത്യം കുറിച്ച് അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സൂകിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. മ്യാന്‍മര്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുന്‍ നിരയില്‍ തന്നെ ആംഗ് സാന്‍ സൂകി ഇടംപിടിച്ചിരുന്നു. സ്പീക്കര്‍ മാന്‍ വിന്‍ കൈംഗ് താന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കുമെന്ന് ടിന്‍ ച്യാവ് പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു. പ്രഥമവൈസ് പ്രസിഡന്റ് മിയിന്‍ത് സ്വേയും രണ്ടാം പ്രസിഡന്റ് ഹെന്റി വാനുമാണ്. പുറത്തുപോകുന്ന പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ ഇന്നലെ വൈകി പ്രസിഡന്റ് സ്ഥാനം ടിന്‍ ച്യാവിന് കൈമാറുകയും ചെയ്തു.