ഈസ്റ്റ് വെസ്റ്റ് ഇടനാഴി പദ്ധതി പ്രധാനമന്ത്രി സന്ദര്‍ശിച്ചു

Posted on: March 28, 2016 9:37 pm | Last updated: March 29, 2016 at 8:36 pm
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനി പദ്ധതിപ്രദേശം സന്ദര്‍ശിച്ചപ്പോള്‍
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനി പദ്ധതിപ്രദേശം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഈസ്റ്റ് വെസ്റ്റ് ഇടനാഴി റോഡ് പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനിയും സംഘവും സന്ദര്‍ശിച്ചു. ഖത്വറിന്റെ തെക്കന്‍ മേഖലയിലെ എക്‌സ്പ്രസ് വേ പദ്ധയില്‍ പ്രധാനപ്പെട്ടതാണ് ഈ ഇടനാഴി. അശ്ഗാല്‍ പ്രസിഡന്റും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രധാനമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
പദ്ധതിയുടെ സാധ്യതളും ഇതിനകം പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങളും അശ്ഗാല്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിക്കു വിവരിച്ചു കൊടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലും വികസന പദ്ധതികള്‍ക്കു നല്‍കുന്ന പിന്തുണയിലും അശ്ഗാല്‍ പ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം മൂന്നാംപാദത്തിലാണ് പദ്ധതിയുടെ പൂര്‍ത്തീകരണം ലക്ഷ്യം വെക്കുന്നത്. പുതുതായി നിര്‍മിക്കുന്ന 22 കിലോമീറ്റര്‍ രണ്ടുവരിപ്പാതയുള്‍പ്പെടെ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ഫലത്തില്‍ അഞ്ചു വരിപ്പാതയാണ് ഇരുദിശകളിലേക്കും ഉണ്ടാകുക. വെസ്റ്റ് ബര്‍വ സിറ്റിയില്‍ നിന്നും അല്‍ മതാര്‍ സ്ട്രീറ്റ് സൗത്തിലേക്കുള്ളതാണ് ഈ പാത.
എട്ട് ഇന്റര്‍ ചേഞ്ചുകള്‍ പരിസരങ്ങളിലെ വിവിധ പാര്‍പ്പിട, നഗര പ്രദേശങ്ങളിക്കം റോഡുകളിലേക്കും വഴി തുറക്കുന്നു. അല്‍ മതാര്‍, നജ്മ, ബര്‍വ ആക്‌സ് റോഡ്, എഫ് റിംഗ് റോഡ്, ഓര്‍ബിറ്റാല്‍ ഹൈവേ, വക്‌റ ബൈപാസ് എന്നിവ ഇതില്‍പ്പെടുന്നു. റോഡിനോട് അനുബന്ധമായി മറ്റു അവശ്യസേവനങ്ങളും സ്ഥാപിക്കുന്നുണ്ട്. വൈദ്യുതി, വെള്ളം, അഴുക്കുചാല്‍ എന്നിവ ഇതില്‍പ്പെടുന്നു. 2842 മീറ്റര്‍ അഴുക്കുചാല്‍, 78,000 മീറ്റര്‍ ജലസേചന ലൈന്‍, 80,000 മീറ്റര്‍ ഉയര്‍ന്ന ശേഷിയുള്ള വൈദുതി കാബിളുകള്‍, 79,000 മീറ്റര്‍ ശേഷി കുറഞ്ഞ വൈദ്യുതി ലൈന്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ നടപ്പാതയും സൈക്കിള്‍ പാതയും നിര്‍മിക്കുന്നുണ്ട്. 6,000 തെരുവു വിളക്കുകളും റോഡിന്റെ വശങ്ങളില്‍ സ്ഥാപിക്കും. പുതിയ റോഡ് വരുന്നതോടെ ദോഹക്കും മിസൈഈദിനുമിടയില്‍ മികച്ച ഗതാഗത സൗകര്യമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മിസൈഈദിനെ വക്‌റ സിറ്റിയുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിനും ഈ റോഡ് സഹായിക്കും.