ഗുജറാത്തില്‍ ബിജെപി എംപി വൃദ്ധനെ ചവിട്ടിയോടിച്ചു

Posted on: March 27, 2016 11:15 pm | Last updated: March 28, 2016 at 8:13 am

BJP-MPഅഹമ്മദാബാദ്: വൃദ്ധനായ ഒരാളെ പോര്‍ബന്തറില്‍ നിന്നുള്ള ബി ജെ പി. എം പി ചവിട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി. എം പിയായ വിത്തല്‍ റഡാഡിയയാണ് മതപരിപാടിക്കിടെ മുതിര്‍ന്ന പൗരനെ ചവിട്ടിയത്. സംഭവം നിഷേധിച്ച് വിത്തല്‍ രംഗത്തെത്തി. രാജ്‌കോട്ട് ജില്ലയില്‍ ഒരാഴ്ച മുമ്പാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്.
വെള്ള ഷര്‍ട്ടും പാന്റും ധരിച്ചെത്തിയ വിത്തല്‍ വൃദ്ധനായയാളെ യാതൊരു പ്രകോപനവും കൂടാതെ തൊഴിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനു പുറമെ വൃദ്ധനോട് സാധനങ്ങളെടുത്ത് പുറത്തേക്ക് പോകാന്‍ ആക്രോശിക്കുകയും ചെയ്തു. സംഭവം നിഷേധിച്ച വിത്തല്‍ റഡാഡിയ, സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, സംഭവത്തെ കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇതിന് മുമ്പ് തോക്കുമായി വന്ന് ടോള്‍ ബൂത്ത് ജീവനക്കാരനെ റഡാഡിയ ഭീഷണിപ്പെടുത്തിയതും വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് എം പിയായിരിക്കെ 2012ലാണ് സംഭവം. വഡോദരക്ക് സമീപമുള്ള കര്‍ജനില്‍ വെച്ച് ടോള്‍ ബൂത്ത് ജീവനക്കാരന്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തോക്കുമായി കാറില്‍ നിന്നിറങ്ങി ജീവനക്കാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ വിത്തല്‍ റഡാഡിയയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.