Connect with us

International

ഭീകരവിരുദ്ധ പോരാട്ടത്തില്‍ യു എസ് മുസ്‌ലിംകളുടെ പങ്ക് മുഖ്യം: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: വിഭാഗീയ, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി വിവാദം സൃഷ്ടിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചുട്ടമറുപടി. ഇസില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടുന്നതില്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ പങ്ക് വളരെയേറെ മുഖ്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ഏത് ശ്രമങ്ങളെയും അമേരിക്കന്‍ ജനത തള്ളിക്കളയണമെന്നും ഒബാമ വ്യക്തമാക്കി. വാരാന്ത റേഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരെ റാഡിക്കലൈസ് ചെയ്ത് വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന ഇസില്‍ ഭീകരവാദികള്‍ക്കെതിരെയുള്ള യുദ്ധം ജയിക്കലാണ് അമേരിക്കയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ നമ്മുടെ ഏറ്റവും വലിയ പങ്കാളികള്‍ അമേരിക്കന്‍ മുസ്‌ലിംകളാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ മുസ്‌ലിംകളെ തള്ളിപ്പറയാനുള്ള ചിലരുടെ ശ്രമം തള്ളിക്കളയണം. അമേരിക്കയുടെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയവരാണ് മുസ്‌ലിംകള്‍. അതുപോലെ അമേരിക്കന്‍ ജീവിത രീതികളിലും അവരുടെ ഇടപെടല്‍ വലുതാണ്- ഒബാമ ചൂണ്ടിക്കാട്ടി.
ബ്രസല്‍സ് ആക്രമണത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സര രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. മുസ്‌ലിം അയല്‍വാസികളെ നിരീക്ഷിക്കണമെന്നും മുസ്‌ലിംകള്‍ രാജ്യത്തേക്ക് കടക്കുന്നത് തടയണമെന്നുമായിരുന്നു വിദ്വേഷ പരാമര്‍ശം.
ഇത്തരം നിലപാടുകള്‍ അമേരിക്കയുടെ സ്വഭാവത്തിനും ചരിത്രത്തിനും മൂല്യങ്ങള്‍ക്കും കടകവിരുദ്ധമാണ്. മതസ്വാതന്ത്ര്യത്തിന്റെ മേല്‍ കെട്ടിപ്പടുക്കപ്പെട്ടതാണ് നമ്മുടെ രാജ്യം. ഇത്തരം നിലപാടുകള്‍ ഗുണത്തേക്കാളേറെ ഉപദ്രവമാകും ഉണ്ടാക്കുക. മറ്റുള്ള രക്ഷിതാക്കളെ പോലെ താനും ഒരു രക്ഷിതാവാണ്. ബ്രസല്‍സില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്റെ മക്കളുടെ സുരക്ഷിതത്വക്കുറിച്ചും തന്നെ ഓര്‍മപ്പെടുത്തി. അതുകൊണ്ട് തന്നെ ഇസിലിനെ പരാജയപ്പെടുത്തുകയെന്നത് മുഖ്യലക്ഷ്യമാണ്. നമ്മള്‍ ജയിക്കുകയും ഭീകരത പരാജയപ്പെടുകയും ചെയ്യും- ഒബാമ കൂട്ടിച്ചേര്‍ത്തു.
ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest