മണിയുടെ മരണം: സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു

Posted on: March 20, 2016 11:59 pm | Last updated: March 20, 2016 at 11:59 pm

kalabhavan maniതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന്റെ നിജസ്ഥിതിയറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മണിയുടെയും അടുത്ത ബന്ധുക്കള്‍, സഹായികള്‍, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെ സാമ്പത്തിക, ബേങ്ക് ഇടപാടുകള്‍ പരിശോധിക്കും. മരണത്തോട് അടുത്ത ദിവസങ്ങളില്‍ മണിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിയുടെ തറവാട് വീടിന് സമീപത്തു നിന്ന് കണ്ടെത്തിയ കീടനാശിനിയുടെ കുപ്പികള്‍ അവിടെ എങ്ങനെ എത്തിയെന്നും ചാലക്കുടിയില്‍ ഈ കീടനാശിനി വില്‍ക്കുന്ന കടകളുണ്ടോയെന്നും അടുത്ത ദിവസങ്ങളില്‍ കീടനാശിനി വാങ്ങിയവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മണിയുടെ പണം സഹായികള്‍ ഉപയോഗിച്ചിരുന്നതായി സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. പലപ്പോഴും പാടിയില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി മണി പറഞ്ഞിരുന്നതായി ഭാര്യ നിമ്മിയും പറയുന്നു.
പോലീസ് കസ്റ്റഡയിലുള്ള മണിയുടെ സഹായികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെങ്കിലും അവരില്‍ നിന്ന് വലിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അതിനിടെ, മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറുന്നത് വൈകും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മണിയുടെ ശരീരത്തില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന രാസപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായ പരിശോധനക്ക് ശേഷം മാത്രമേ നല്‍കാവൂ എന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം.