ലാദനെ അനുസ്മരിച്ചാലും നടപടിയെടുക്കില്ലെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല

Posted on: March 20, 2016 1:05 pm | Last updated: March 20, 2016 at 1:05 pm

PRINSTON UNVSTYവാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എം വെങ്കയ്യ നായിഡുവിന് ചുട്ട മറുപടിയുമായി അമേരിക്കയിലെ പ്രമുഖ സര്‍വകാശാലയായ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ക്രിസ്റ്റഫര്‍ എല്‍ എയിസ്ഗ്രൂബര്‍. ഉസാമാ ബിന്‍ലാദനെ അനുസ്മരിച്ച് പരിപാടി നടത്തിയാലും അതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും അച്ചടക്ക നടപടി കൈക്കൊള്ളില്ലെന്ന് ക്രിസ്റ്റഫര്‍ എല്‍ എയിസ്ഗ്രൂബര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ സഹിഷ്ണുതയോടെ പെരുമാറും.

സഹുഷ്ണുതയോടെ പെരുമാറണമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അക്രമോത്സുകവും പ്രകോപനപരവുമായ പ്രസംഗങ്ങളോടും അഭിപ്രായപ്രകടനങ്ങളോടും സഹിഷ്ണുതയോടെ പെരുമാറാനാണ് പ്രന്‍സ്റ്റണ്‍ സര്‍വകലാശാലക്ക് ഇഷ്ടം. അത്തരം അഭിപ്രായപ്രകടനങ്ങളെ കൂടുതല്‍ തെളിച്ചമുള്ള അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് നേരിടുകയാണ് ചെയ്യുക. യൂനിവേഴ്‌സിറ്റിയുടെ നയത്തിന് വിരുദ്ധമായ അഭിപ്രായമാണ് പറയുന്നതെങ്കില്‍ അത് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അച്ചടക്ക നടപടിയെന്ന പരിഹാരമായിരിക്കില്ല എടുക്കുക’- ക്രിസ്റ്റഫര്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യയിലെയും അമേരിക്കയിലെയും ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് യു എസ് അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മ പറഞ്ഞതിന്റെ മറുപടിയായി, ജെ എന്‍ യു ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തിയത് പോലെ ഉസാമ ബിന്‍ലാദന്റെ രക്തസാക്ഷിത്വദിനം അമേരിക്കന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയാല്‍ സഹിഷ്ണുത അനുവദിക്കുമോയെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അംബാസഡറിന്റെ പേര് പരാമര്‍ശിക്കാതെ ചോദിച്ചിരുന്നു.