ഇനിയില്ല; ഇത് അവസാന ‘ബുദ്ധിമുട്ടിക്കല്‍’

Posted on: March 18, 2016 6:00 am | Last updated: March 18, 2016 at 8:50 am

o rajagopalതിരുവനന്തപുരം: സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാര്‍ഥിയായതെന്നും ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും ബി ജെ പിയുടെ മുതിര്‍ന്ന നേതാവും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഒ രാജഗോപാല്‍. ജനങ്ങള്‍ പലതവണ തന്നെ സ്വീകരിച്ചതാണ്. ചില അടിയൊഴുക്കുകളാണ് ജയം വിഫലമാക്കിയത്. നേമത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പലകുറി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ ഇത്തവണ നേമത്താണ് ജനവിധി തേടുന്നത്.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചതാണെന്നും ഇനിയൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി. നേമത്ത് ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടന്‍ സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. ബി ജെ പി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ ലീഡ് ചെയ്യാന്‍ രാജഗോപാലിന് കഴിയട്ടെയെന്ന് ചലച്ചിത്ര താരം ഭീമന്‍ രഘു ആശംസിച്ചു.