Connect with us

National

ദേശീയ അപ്പീല്‍ കോടതി:അഞ്ചംഗ ബഞ്ച് തീരുമാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി:അപ്പീലുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് ദേശീയ കോടതി സ്ഥാപിക്കാനുള്ള നടപടികളുമായി സുപ്രീം കോടതി മുന്നോട്ട് പോകുന്നു. കേന്ദ്ര സര്‍ക്കാറിന്റെ അതൃപ്തി മറികടന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഇതിന്റെ ആദ്യഘട്ടമായി ഇന്നലെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബഞ്ചിന് രൂപം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടുത്ത മാസം നാലിന് സമര്‍പ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോടും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണു ഗോപാലിനോടും സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഇത് പ്രായോഗികമല്ലെന്നും അഭിലഷണീയമല്ലെന്നുമാണ് മുകുള്‍ റോത്തഗിയുടെ നിലപാട്. അതേസമയം, സുപ്രീം കോടതിയുടെ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് അഭിഭാഷകനായ കെ കെ വേണുഗോപാല്‍ സ്വീകരിച്ചത്. തുടര്‍ച്ചയായ ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അയര്‍ലാന്‍ഡില്‍ ഇത്തരത്തിലൊരു കോടതി സ്ഥാപിതമായെന്ന് വേണു ഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

ചെന്നൈയിലെ അഭിഭാഷകനായ വസന്ത്കുമാര്‍ കഴിഞ്ഞ മാസം 27ന് സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നുമുള്ള അപ്പീലുകളാണ് ഇവിടെ സ്വീകരിക്കുകയെന്നും സാമ്പത്തികവും തൊഴില്‍ സംബന്ധമായതുമായ സിവില്‍, ക്രിമിനല്‍ കേസുകള്‍, റവന്യൂ തുടങ്ങിയ കേസുകളിലായിരിക്കും ഈ കോടതികളില്‍ വാദം കേള്‍ക്കുക എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഇതോടെ ഭരണഘടനാപരവും പൊതുവായതുമായ കേസുകള്‍ മാത്രമാകും തുടര്‍ന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരിക.
നിലവില്‍ ഡല്‍ഹി കേന്ദ്രമായി രൂപവത്കരിക്കുന്ന സംവിധാനത്തിന് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പ്രദേശിക ബഞ്ചുകള്‍ സ്ഥാപിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം