അയോഗ്യത: കോടതി വിധി നടപ്പാവുമ്പോള്‍ അവ്യക്തത; ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു

Posted on: March 15, 2016 9:38 am | Last updated: March 15, 2016 at 1:22 pm

pc george n shakthanതിരുവനന്തപുരം:പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ത്രിശങ്കുവിലേക്ക്. ഭരണഘടനാസ്ഥാപനങ്ങളായ നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കേസിലെ തുടര്‍നടപടി ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ കൂടി ആശ്രയിച്ചാകും. പി സി ജോര്‍ജ് നല്‍കിയ രാജിക്കത്ത് സ്വീകരിക്കാതെയാണ് സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാങ്കേതികമായി ജോര്‍ജിന്എം എല്‍ എ സ്ഥാനം തിരികെ ലഭിച്ചു. അയോഗ്യനാക്കപ്പെട്ട ദിവസം മുതല്‍ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങളും ജോര്‍ജിനു നല്‍കേണ്ടി വരും.
നേരത്തെ തള്ളിയ രാജിക്കത്തിന് പ്രാബല്യമുണ്ടോ എന്നതു മാത്രമാണ് ഇനി പ്രസക്തം. രാജിക്കത്തിന് പ്രാബല്യമില്ലെങ്കില്‍ ജോര്‍ജിനോട് സ്പീക്കര്‍ വീണ്ടും രാജി ആവശ്യപ്പെടേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ രാജിക്കത്ത് നല്‍കില്ലെന്നാണ് ജോര്‍ജിന്റെ തീരുമാനം. ഫലത്തില്‍ എം എല്‍ എ എന്ന നിലയിലാകും ജോര്‍ജ് തിരഞ്ഞെടുപ്പിനെ നേരിടുക. ജോര്‍ജ് എം എല്‍ എയാണോ എന്ന കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിനും വ്യക്തതയില്ല. ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ മുന്‍കാല സംഭവങ്ങളും കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഇല്ല. ജോര്‍ജിനു മുമ്പ് അയോഗ്യത കല്‍പിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള മാത്രമാണ്. 1990 ജനുവരി 18നാണ് സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ബാലകൃഷ്ണ പിള്ളയെ അയോഗ്യനാക്കിയത്. എന്നാല്‍ സ്പീക്കറുടെ തീരുമാനത്തിനെതിരേ പിള്ള അപ്പീല്‍ പോകാത്തതിനാല്‍ അതൊരു നിയമപ്രശ്‌നമായി മാറിയില്ല. അതേസമയം, ഹൈക്കോടതി നടപടിക്കെതിരേ അപ്പീല്‍ പോകില്ലെന്നു നിയസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഹര്‍ജിക്കാരനായ തോമസ് ഉണ്ണിയാടനാണ് അപ്പീല്‍ പോകേണ്ടതെന്ന നിലപാടിലാണ് സ്പീക്കറുടെ ഓഫീസും നിയമസഭാ സെക്രട്ടറിയേറ്റും. കേസില്‍ സ്പീക്കറോ ഓഫീസോ കക്ഷിയല്ല. തോമസ് ഉണ്ണിയാടന്റെ ഹരജി തീര്‍പ്പാക്കുക മാത്രമാണ് സ്പീക്കര്‍ ചെയ്തത്.