കന്‍ഹയ്യ: കേന്ദ്ര സര്‍ക്കാറിന് പിഴവ് പറ്റിയെന്ന് ശിവസേന

Posted on: March 7, 2016 11:30 pm | Last updated: March 7, 2016 at 11:30 pm

raj thakkareന്യൂഡല്‍ഹി: ജെ എന്‍ യു സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സഖ്യകക്ഷിയായ ശിവസേന. ജെ എന്‍ എയു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിന്റെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് പിഴവ് പറ്റിയിട്ടുണ്ട്. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ രാജ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നും ശിവസേന അഭിപ്രായപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന എന്‍ ഡി എ സര്‍ക്കാറിനും ബി ജെ പിക്കും എതിരെ ശിവസേന ഉന്നയിക്കുന്നത്.
കന്‍ഹയ്യ കുമാറിന്റെ കേസ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ച പ്രകടമാണ്. ജെ എന്‍ യു സംഭവത്തെക്കുറിച്ച് പുറത്തുവന്ന വീഡിയോകള്‍ വ്യാജമാണെന്നുന്ന് തെളിഞ്ഞതോടെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേറ്റു. അതേസമയം, കന്‍ഹയ്യക്ക് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ അത് വലിയ പ്രതിഷേധങ്ങളിലേക്ക് നയിക്കുമായിരുന്നുവെന്നും ലേഖനം പറയുന്നു. രാജ്യത്ത് കന്‍ഹയ്യമാര്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് ആലോചിക്കാനുള്ള സമയം അതിക്രമിച്ചെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
രാജ്യത്ത് നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന യാഥാര്‍ഥ്യം ബി ജെ പി തിരിച്ചറിഞ്ഞ് അത് ഉള്‍ക്കൊള്ളണമെന്നും ലേഖനം ഉപദേശിക്കുന്നുണ്ട്.