ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Posted on: March 6, 2016 8:19 pm | Last updated: March 6, 2016 at 8:19 pm
SHARE

footballദോഹ: 2018 ഫിഫ ലോകകപ്പിനുള്ള യോഗ്യതക്കായി ദോഹയില്‍ നടക്കുന്ന ഖത്വര്‍-ഹോംഗ്‌കോംഗ് മത്സരത്തിന്റെ സംഘാടനം വിജയമാക്കുന്നതിന് ഇന്ത്യന്‍ കമ്യൂനിറ്റി ഭാരവാഹികളും ഖത്വര്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ക്യു എഫ് എ) പ്രതിനിധികളും ചര്‍ച്ച നടത്തി.
മാര്‍ച്ച് 24ന് അല്‍സദ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ക്യു എഫ് എ പ്രസിഡന്റ് ഖാലിദ് അല്‍ കുവാരി, ഓഡിയന്‍സ് റിലേഷന്‍ ഓഫിസര്‍ മുഹമ്മദ് റാശിദ് അല്‍ ഖാതിര്‍, ക്യു എഫ് എ ഏഷ്യന്‍ കമ്യൂണിറ്റി ലീഡര്‍ മുഹമ്മദ് ഖുതുബ് തുടങ്ങിയവരും എം എസ് ബുഖാരി, ഡോ. മോഹന്‍ തോമസ്, ഇ പി അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് ഹബീബുന്നബി, സഫീര്‍ ചേന്ദമംഗല്ലൂര്‍, റോണി മാത്യു തുടങ്ങിയ ഇന്ത്യന്‍ കമ്യൂനിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഖത്വര്‍ ഫുട്ബാള്‍ അസോസിയേഷനുമായി സഹകരിക്കുന്ന കമ്യൂനിറ്റി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ ഖാലിദ് അല്‍ കുവാരി ഏഷ്യന്‍ ഫുട്ബാള്‍ കപ്പിലും പാന്‍ അറബ് ഗെയിംസിലും ഇന്ത്യന്‍ സമൂഹം നല്‍കിയ പിന്തുണ സ്മരിച്ചു.
മത്സരത്തില്‍ പങ്കു കൊള്ളാനായി വിവിധ സ്‌കൂളുകളില്‍നിന്നും കുടുംബങ്ങളില്‍നിന്നും അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും ഐ സി സിക്ക് കീഴിലെ വിവിധ സംഘടനകളില്‍നിന്നുമുള്ള കാണികളുടെ സാന്നിധ്യം കമ്യൂണിറ്റി ഭാരവാഹികള്‍ ഉറപ്പു നല്‍കി.
മത്സരം വീക്ഷിക്കാനെത്തുന്ന ഈ വിഭാഗത്തിലെ കാണികള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ കമ്യൂനിറ്റി സ്‌പോണ്‍സര്‍ ചെയ്യും. ആദ്യമെത്തുന്ന പ്രേക്ഷകര്‍ക്ക് ആദ്യ ടിക്കറ്റ് എന്ന നിലയിലായിരിക്കും ടിക്കറ്റ് വിതരണം. 2022 വരെയുള്ള വിവിധ ഫുട്ബാള്‍ മത്സരങ്ങളുടെ സംഘാടനത്തിനും ഇതേ കമ്മിറ്റിയായിരിക്കും സഹകരിക്കുകയെന്ന മുഹമ്മദ് ഖുതുബിന്റെ നിര്‍ദേശവും ഖാലിദ് അല്‍കുവാരി അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here