625ഗ്രാം തൂക്കമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെക്കുന്നു

Posted on: March 6, 2016 12:51 pm | Last updated: March 6, 2016 at 12:51 pm
baby
മുവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ പിറന്ന കുഞ്ഞിനെ മാതാവ് ബിന്ദുവിന് ഡോ.ജഗന്ത് ജയരാജ് കൈമാറുന്നു.

മൂവാറ്റുപുഴ: ഒരു വ്യാഴവട്ടം നീണ്ട കാത്തിരിപ്പിനൊടുവില്‍ കനിഞ്ഞ് കിട്ടിയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു തൃശൂര്‍ നാട്ടിക രവിനഗറില്‍ മേപ്പറമ്പില്‍ തുളസീദാസ്-ബിന്ദു ദമ്പതികള്‍. അതിജീവിക്കാന്‍ പ്രയാസമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 625ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് നാല് മാസത്തിന് ശേഷം ജീവിതത്തിലേക്ക് പിച്ചവെക്കുമ്പോള്‍ അവര്‍ നന്ദി പറയുന്നത് ദൈവത്തോടാണ്.
2015-നവംബര്‍ മൂന്നിനാണ് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ രാജ്യത്ത് ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞ് ഐ വി എഫ് ചികിത്സയിലൂടെ പിറന്നത്. എന്നാല്‍ കുട്ടി പ്രീമെച്ചര്‍ ബേബി ആയതിനാല്‍ അതിജീവിക്കാന്‍ സാധ്യത തീരെ കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു. 100ദിവസത്തോളമാണ് കുട്ടിയെ എന്‍ ഐ സിയു അതീവ്ര പരിചരണ വിഭാഗത്തില്‍ ശുശ്രൂഷിച്ചത്. ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും ഇമചിമ്മാതെയുള്ള പരിചരണമാണ് കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. ആരോഗ്യരംഗത്തെ അത്ഭുതമാണ് ഈ കുട്ടിയെന്ന് സബൈന്‍ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ കണ്‍സള്‍ട്ടന്റ് നാറ്റോളജിസ്റ്റ് ഡോ.ജഗന്ത് ജയരാജ് പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സ, മൂന്നുതവണത്തെ ഗര്‍ഭം അലസല്‍- അമ്മയാകാന്‍ ബിന്ദു സഹിച്ച പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഏറെയാണ്.
സബൈന്‍ ആശുപത്രിയില്‍ 52കാരിക്ക് മൂന്ന് കുട്ടികള്‍ പിറന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോട ഇവിടെ ചികിത്സ തേടി എത്തിയത്. എന്നാല്‍ 25-ാം ആഴ്ചയില്‍ അവിചാരിതമായി ഉണ്ടായ പ്രസവം മനോധൈര്യം ചോര്‍ത്തി.
പക്ഷെ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും അശ്രാന്തപരിചരണത്തിലൂടെ നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഒന്നേ മുക്കാല്‍ കിലോ തൂക്കമായ കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണന്ന് ഡോ.സബൈന്‍ പറഞ്ഞു.