തകര്‍ന്ന സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കുന്നു

Posted on: March 1, 2016 3:37 pm | Last updated: March 1, 2016 at 3:37 pm

SOORYA TEMPLEഅബുദാബി: തകര്‍ന്ന നിലയില്‍ കണ്ടെത്തിയ പുരാതന സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ യു എ ഇ ഒരുങ്ങുന്നു. ഉമ്മുല്‍ ഖുവൈനിലാണ് 2,000 വര്‍ഷം മുമ്പ് ഈ മേഖലയില്‍ അധിവസിച്ച ജനങ്ങള്‍ ആരാധന നടത്തിയ സൂര്യക്ഷേത്രത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശമാഷ് എന്ന ദേവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരുന്നതെന്ന് ചരിത്രാവശിഷ്ടങ്ങളില്‍ പുരാവസ്തു വിദഗ്ധരും ചരിത്രകാരന്‍മാരും നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 1980ന്റെ അവസാനത്തിലാണ് ഇദുര്‍ എന്ന പ്രദേശത്തെ മരുഭൂമിയുടെ നടുവില്‍ ക്ഷേത്രം കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോക പൈതൃക പദവിക്കായി യു എ ഇ സമര്‍പിച്ച ആറു ചരിത്രപ്രധാന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ഇദുര്‍. ക്ഷേത്രത്തിലെ അരാമിക് ലിഖിതങ്ങളില്‍ നിന്നാണ് ആരാധനാമൂര്‍ത്തിയുടെ പേര് മനസ്സിലാക്കാന്‍ സാധിച്ചത്.

നാലു ആള്‍ത്താരകള്‍, കിണര്‍ എന്നിവ ഇവിടെ ഉദ്ഖനനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബെല്‍ജിയന്‍ പുരാവസ്തു ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും അരാമിക് ലിഖിതങ്ങള്‍ വായിച്ചെടുത്താണ് ഇവയെക്കുറിച്ച് മനസ്സിലാക്കിയത്.
സൂര്യക്ഷേത്രത്തെ കൂടുതല്‍ നാശത്തില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് തനത് രീതിയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് പദ്ധതിയുമായി സഹകരിക്കുന്ന ഷാര്‍ജയിലെ ഇക്‌റോം അതാര്‍ റീജ്യണല്‍ കണ്‍സര്‍വേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സാക്കി അസിയാന്‍ വ്യക്തമാക്കി. സൂര്യക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ഇക്‌റോമും പങ്കുവഹിക്കുന്നുണ്ട്.
ഇവിടെ നിന്നും കണ്ടെത്തിയ പരുന്ത് ഉള്‍പെടെയുള്ളവയുടെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാവും പരമ്പരാഗത രീതിയില്‍ പൗരാണികത നിലനിര്‍ത്തുന്ന തരത്തില്‍ സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കുക.
എണ്‍പതുകളില്‍ ഉണ്ടായിരുന്ന രീതിയിലേക്ക് ക്ഷേത്രത്തെ പുനര്‍സൃഷ്ടിക്കാനാണ് ശ്രമം. ആദ്യഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ടം ആറു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. തകര്‍ന്നടിഞ്ഞ ഇഷ്ടികകള്‍ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിച്ചിരിക്കുകയാണ്. ഏതെല്ലാം ഇഷ്ടിക ഏതുഭാഗത്താണോ മുമ്പ് ഉണ്ടായിരുന്നത് ആ ഭാഗത്ത് തന്നെ അടുക്കിയാവും പുരാവസ്തുവിന്റെ മൂല്യം ചോരാതെ നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നും സാകി വിശദീകരിച്ചു.
ഇഷ്ടിക പടുക്കാന്‍ കുമ്മായമായിരിക്കും ഉപയോഗപ്പെടുത്തുകയെന്ന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സബിക് പറഞ്ഞു. ചുമരിലെ വിള്ളലുകള്‍ ഇല്ലാതാക്കാന്‍ ചുണ്ണാമ്പ് കുഴച്ചു പുരട്ടുകയാണ് ചെയ്യുന്നത്. പുനരുദ്ധാരണത്തിന്റെ അവസാനഘട്ടത്തിലാണ് ചുണ്ണാമ്പ് മിശ്രിതം കൂടുതലായിആവശ്യമായി വരികയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം പുനരുദ്ധരിക്കാന്‍ മുമ്പോട്ടു വന്നതിലൂടെ തങ്ങള്‍ പ്രഖ്യാപിക്കുന്ന സഹിഷ്ണുതയുടെ വ്യാപ്തി ലോകത്തെ ബോധ്യപ്പെടുത്തുകയാണ് യു എ ഇ ഭരണാധികാരികള്‍ ചെയ്യുന്നത്. അസഹിഷ്ണുത അടക്കിവാഴുന്ന രാജ്യങ്ങള്‍ക്ക് മുഴുവന്‍ മാതൃകയും.