Connect with us

International

സിറിയയില്‍ പതിനായിരങ്ങള്‍ പട്ടിണിമരണത്തിന്റെ വക്കില്‍: യു എന്‍

Published

|

Last Updated

ജനീവ: സിറിയയില്‍ പതിനായിരക്കണക്കിനാളുകള്‍ പട്ടിണി മരണത്തിന്റെ വക്കിലെന്ന് യു എന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന യുദ്ധങ്ങളിലും ഉപരോധങ്ങളിലുമാണ് ജനം മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നതെന്ന് യു എന്‍ മനുഷ്യാവകാശ സംഘടനാ മേധാവി സെയ്ദ് റആദ് അല്‍ ഹുസൈന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ മൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ട്രക്കുകളില്‍ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ ഒരുങ്ങിയതായി അദ്ദേഹം പറഞ്ഞു. യുദ്ധം രൂക്ഷമായ കഴിഞ്ഞ മാസങ്ങളില്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെടിവെപ്പ് രൂക്ഷമായ ഇത്തരം സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെട്ടാണ് നടത്തിയത്.

ആക്രമണം മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ യു എന്നും സന്നദ്ധ സംഘടനകളും പദ്ധതിയിടുന്നുണ്ടെന്ന് യു എന്‍ വക്താവ് പറഞ്ഞു. ദമസ്‌കസിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ മൗദമിയലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ ഉടന്‍ പുറപ്പെടും. ഇതിന് പുറമെ സബദാനി, കെഫ്‌റായ, ഫുവ, മദായ എന്നീ നഗരങ്ങളിലേക്ക് ഇന്ന് ദുരിതാശ്വാസമെത്തും. ഈ വര്‍ഷം ആദ്യ പാദമാകുമ്പേഴും 17 ലക്ഷം ആളുകളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഡമസ്‌ക്കസിന്റെ യു എന്‍ റസിഡന്റ് കോഓഡിനേറ്റര്‍ യാക്കൂബ് അല്‍ ഹിലോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

യു എന്‍ കണക്ക് പ്രകാരം അഞ്ച് ലക്ഷം സിറിയക്കാര്‍ ഉപരോധങ്ങളാല്‍ ചുറ്റപ്പെട്ട നഗരങ്ങളില്‍ കഴിയുന്നുണ്ടെന്നും ഇതില്‍ 4,6 ലക്ഷം പേര്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്. സിറിയന്‍ ജനതക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ പറ്റിയ മികച്ച സമയമാണിതെന്ന് എല്‍ ഹില്ലൊ പറഞ്ഞു.