അല്‍ വത്ബ നഗരസഭ ആരോഗ്യ പരിശോധന നടത്തി

Posted on: February 14, 2016 6:24 pm | Last updated: February 14, 2016 at 6:24 pm

wathbaഅബുദാബി:അബുദാബി നഗരസഭ അല്‍ വത്ബ സെന്റര്‍ അല്‍ വത്ബയിലും പരിസരങ്ങളിലും കെട്ടിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പരിശോധന നടത്തി.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് സെന്ററിന്റെ പരിധിയിലെ 167 കെട്ടിടങ്ങളില്‍ പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് താമസസ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കെട്ടിടങ്ങള്‍ പരസ്പരം വേര്‍തിരിക്കുന്നതിന് മതിലുകള്‍ നിര്‍മിക്കണമെന്നും നഗരസഭ അധികൃതര്‍ കെട്ടിടഉടമകളോട് നിര്‍ദേശിച്ചു.
പരിശോധനയില്‍ നിയമം പാലിക്കാത്ത 89 കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 39 സ്ഥലത്ത് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 24 കെട്ടിടങ്ങള്‍ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ വൃത്തിയായി പരിപാലിക്കുക, ശീതീകരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, ചിമ്മിനികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് നഗരസഭ പരിശോധിക്കുന്നത്. കെട്ടിടങ്ങളുടെ കേബിളുകളുടെ നിര്‍മാണവും അധികൃതര്‍ പരിശോധിച്ചു. വ്യാപകമായ പരാതി ലഭിച്ചതാണ് പരിശോധന കര്‍ശനമാക്കുവാന്‍ കാരണം.
കെട്ടിടങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍, മതിലുകള്‍, പാര്‍ട്ടീഷനുകള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുമുമ്പ് നിയമാധികാരികളില്‍ നിന്ന് ആവശ്യമായ സമ്മതം കെട്ടിടഉടമകള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാണിജ്യ-താമസ കേന്ദ്രങ്ങളില്‍ പരിശോധന തുടരുമെന്നും നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.