Connect with us

National

നിര്‍ഭയ കേസ്: കുട്ടിക്കുറ്റവാളിയുടെ മോചനം തടയാനാവില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാതിരുന്ന കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീംകോടതി. കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ടുള്ള ഡല്‍ഹി വനിതാ കമീഷന്റെ ഹരജി സുപ്രീംകോടതി തള്ളി. കുറ്റവാളിയുടെ മോചനത്തില്‍ കോടതിക്കും ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് മാത്രമേ കോടതിക്ക് പ്രവര്‍ത്തിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഒരു ദിവസം പോലും പ്രതിയെ തടവിലിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയില്‍ നിന്ന് പ്രതീക്ഷിച്ച വിധിയാണ് വന്നതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടി ജ്യോതിസിങിന്റെ അമ്മ പ്രതികരിച്ചു. കുറ്റവാളിയെ ഇന്നലെ മോചിപ്പിച്ചിരുന്നു. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കുറ്റവാളിയെ മോചിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഞായറാഴ്ച കുറ്റവാളി മോചിതനാകുന്നതിനാല്‍ അര്‍ധരാത്രിയില്‍ തന്നെ ഹരജി പരിഗണിക്കണമെന്ന ആവശ്യം തളളിയ സുപ്രീംകോടതി തിങ്കളാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കുമെന്ന് അറിയിച്ചു. കുറ്റവാളിയുടെ മോചനം സ്‌റ്റേ ചെയ്യുകയും ചെയ്തില്ല. ഇതോടെ ഇന്നലെത്തന്നെ കുട്ടികുറ്റവാളി മോചിതനായിരുന്നു.
.
ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മോചിപ്പിച്ച കുട്ടിക്കുറ്റവാളിയെ സന്നദ്ധ സംഘടനക്ക് കൈമാറുകയായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ സന്നദ്ധ സംഘടനയാണ് ബാലനീതി ബോര്‍ഡാണ് ഇയാളെ ഏറ്റെടുത്തത്. സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പ്രതിയുടെ മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് സന്നദ്ധ സംഘടനക്ക് കൈമാറിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിയിലെ തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് സന്നദ്ധ സംഘടനക്ക് കൈമാറിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇയാളെ ഡല്‍ഹിയില്‍ തന്നെ താമസിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ലെങ്കിലും ഇപ്പോള്‍ 20 വയസ്സായ ഇയാളെ വിട്ടയക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റില്‍ ഭേദഗതികള്‍ വരുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Latest