Connect with us

National

മകള്‍ക്ക് നീതി ലഭിച്ചില്ല; പേര് വെളിപ്പെടുത്തുന്നതില്‍ ലജ്ജയില്ലെന്ന് മാതാവ്‌

Published

|

Last Updated

ഡല്‍ഹി കൂട്ട ബലാത്സഹത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പൊതുചടങ്ങില്‍ പെണ്‍കുട്ടിയുടെ മാതാവ് പ്രസംഗിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ നാണം കെടുത്തിയ ഡല്‍ഹി കൂട്ട ബലാത്സംഗത്തിന് മൂന്നാണ്ട് തികയുന്നു. സംഭവത്തിനിരയായ തന്റെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും അവളുടെ പേര് വെളിപ്പെടുത്തുന്നതില്‍ ലജ്ജയില്ലെന്നും മാതാവ് ആശാദേവി. സംഭവത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പൊതുചടങ്ങിലായിരുന്നു പെണ്‍കുട്ടിയുടെ മാതാവിന്റെ പ്രതികരണം. പിതാവ് ബദ്‌രി നാഥിനൊപ്പമാണ് ഇവര്‍ വേദിയിലെത്തിയത്.
എന്റെ മകളുടെ പേര് ജ്യോതി സിംഗ് എന്നാണ്, അവളുടെ പേര് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല, നിങ്ങള്‍ക്കുമുണ്ടാകരുത്. ബലാത്സംഗങ്ങള്‍ പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളുമല്ല ലജ്ജിക്കേണ്ടത്. രാജ്യം കണ്ട വലിയ ജനകീയ പ്രക്ഷോഭത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തേത്തതുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനിയുടെ മാതാവ് ആശാ ദേവിയുടെ വാക്കുകളാണിത്. പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളെ മോചിപ്പിക്കുന്നതിനെ അവര്‍ ശക്തമായ എതിര്‍ത്തു.
എനിക്കറിയില്ല അയാള്‍ക്ക് 16 വയസ്സാണോ 18 ആണോ എന്ന്, കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷക്ക് പ്രായപരിധി കണക്കാക്കരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. നമുക്ക് എന്ത് നീതിയാണ് കിട്ടിയത്. അവളുടെ മരണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കുറ്റവാളികള്‍ സ്വതന്ത്രരാകാന്‍ പോകുന്നു. ഇതില്‍ എവിടെയാണ് നീതിയെന്ന് അവര്‍ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇരയുടെ പേര് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രൂരകൃത്യത്തിനിരയായ മരണം വരെ ജീവിതത്തോട് പോരാടിയ പെണ്‍കുട്ടിയെ ഈ അര്‍ഥത്തില്‍ നിര്‍ഭയ എന്ന പേരിലാണ് വിളിച്ചിരുന്നത്.അതേസമയം പ്രായപൂര്‍ത്തിയായ കുറ്റവാളിയെ മറ്റുള്ളവരേപ്പോലെ തന്നെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ലിമെന്റില്‍ നടിയും ബി ജെ പി. എം പിയുമായ ഹേമ മാലിനി ഉയര്‍ത്തിയിരുന്നു. കൂട്ടത്തില്‍ ഇയാളാണ് പെണ്‍കുട്ടിയോട് ഏറ്റവും നിഷ്ഠൂരമായി പെരുമാറിയത്. ദുര്‍ഗുണ പരിഹാര പാഠശാലയിലൂടെ നേരേയാക്കാനാകില്ലെന്നുറപ്പുള്ള അയാളെ ശിക്ഷിച്ചാല്‍ എല്ലാവര്‍ക്കും രാജ്യത്തെ നിയമത്തെ പേടിയുണ്ടാകും. രാജ്യം മുഴുവന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണെന്നും ഹേമ മാലിനി പറഞ്ഞു. പ്രായത്തിന്റെ പേരില്‍ പ്രതിക്ക് ശിക്ഷ ഇളവ് ചെയ്ത് കിട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വിധി നയിച്ചിരുന്നു. എന്നാല്‍ 21 വയസ്സായ പ്രതിയെ തുടര്‍ന്നും നിരീക്ഷണത്തില്‍ വെക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിന് മുമ്പ് പുനരധിവാസം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സ് തികയാത്ത ഇയാള്‍ക്ക് മൂന്ന് വര്‍ഷം ശിക്ഷയാണ് നല്‍കിയിരുന്നത്. ആറ് പേരില്‍ ഒരു പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചു. സംഭവസമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഇയാളെ വിട്ടയക്കുന്നത് സംബന്ധിച്ച വിവാദം നിലനില്‍ക്കുകയാണ്.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ചായിരുന്നു വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ബസിലുണ്ടായിരുന്ന ആറ് പേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കൃത്യത്തിന് ശേഷം അവര്‍ വഴിയരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി 13 ദിവസത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം