മന്‍മോഹന്‍ സിംഗിനെ നായകനാക്കിയതില്‍ കോണ്‍ഗ്രസുകാര്‍ അത്ഭുതപ്പെട്ടെന്ന് ഖുര്‍ഷിദ്

Posted on: December 16, 2015 11:19 am | Last updated: December 16, 2015 at 11:50 am
SHARE

manmohan-khurshid-pranabന്യൂഡല്‍ഹി: 2004ല്‍ യു പി എ സര്‍ക്കാറിനെ നയിക്കാന്‍ പ്രണാബ് മുഖര്‍ജിക്ക് പകരം മന്‍മോഹന്‍ സിംഗിനെ നിയോഗിച്ചത് കോണ്‍ഗ്രസിനു പുറത്തുള്ളവരെ മാത്രമല്ല അകത്തുള്ളവരെയും അത്ഭുതപ്പെടുത്തിയെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
പ്രണാബായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ 2014ല്‍ തിരിച്ചടിയേല്‍ക്കേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏറ്റവും മോശമായത് സംഭവിച്ച് കഴിഞ്ഞ ശേഷം ബുദ്ധിയുദിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. 1991 ജൂണ്‍ മുതല്‍ 1996 മെയ് വരെ രാജ്യത്തിന്റെ ധനകാര്യമന്ത്രിയായി വന്ന് രാജ്യത്താകെ വന്‍ മാറ്റങ്ങള്‍ കൊണ്ടു വന്നയാളാണ് മന്‍മോഹന്‍ സിംഗ്. എന്നാല്‍, 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിച്ച സിംഗ് തോല്‍ക്കുകയായിരുന്നു. അന്ന് സൗത്ത് ഡല്‍ഹിയില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചയാളുടെ പേരു പോലും ആരും ഓര്‍ക്കുന്നില്ല (ബി ജെ പിയിലെ പ്രൊഫ. വിജയ്കുമാര്‍ മല്‍ഹോത്രയാണ് അന്ന് മന്‍മോഹന്‍ സിംഗിനെ തോല്‍പ്പിച്ചത്)- തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ഖുര്‍ഷിദ് പറയുന്നു. ദി അദര്‍ സൈഡ് ഓഫ് മൗണ്ടയിന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ആത്മകഥാപരമായ പുസ്തകത്തില്‍ യു പി എ സര്‍ക്കാറുകളിലെ നിരവധി പേര്‍ കടന്നു വരുന്നുണ്ട്.
തുടക്കത്തില്‍ ചില മുറുമുറുപ്പുകളൊക്കെ ഉണ്ടായെങ്കിലും സോണിയാ ഗാന്ധിയുടെ തീരുമാനം എല്ലാവരും സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാനും സാധിച്ചു. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തരാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു.
അയല്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മന്‍മോഹന്‍ സിംഗ് പ്രത്യേക താത്പര്യമെടുത്തു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നതും ചൈനയുമായി ചര്‍ച്ചകള്‍ ആരംഭിക്കാനായി എന്നതും വലിയ വിജയമായാണ് കാണുന്നത്. ജപ്പാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ചു- സല്‍മാന്‍ ഖുര്‍ഷിദ് എഴുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here