ഇന്ത്യ- പാക്- അഫ്ഗാന്‍- തുര്‍ക്ക്‌മെനിസ്ഥാന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കം

Posted on: December 13, 2015 11:12 pm | Last updated: December 13, 2015 at 11:12 pm

gias pipe lineമാരി (തുര്‍ക്ക്‌മെനിസ്ഥാന്‍): എഴുനൂറ് കോടിയുടെ തുര്‍ക്ക്‌മെനിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍- ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. തുര്‍ക്ക്‌മെനിസ്ഥാന്‍ നഗരമായ മാരിയില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി, തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദി മുഹമ്മദോവ്, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 1800 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനും നേതാക്കള്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് നാല് പേരും പൈപ്പില്‍ ഒപ്പുവെച്ചു. കരാര്‍ രേഖയിലും നേതാക്കള്‍ ഒപ്പുവെച്ചു.
പദ്ധതി 2019ഓടെ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഹമ്മദോവ് പറഞ്ഞു. കടുത്ത ഇന്ധനക്ഷാമം അനുഭവിക്കുന്ന ഇന്ത്യക്കാകും പദ്ധതി ഏറെ ഉപകാരപ്രദമാകുക. മുപ്പത് വര്‍ഷത്തേക്ക് പ്രതിദിനം തൊണ്ണൂറ് മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം കൊണ്ടുപോകാന്‍ ശേഷിയുള്ളതാണ് നിര്‍ദിഷ്ട പൈപ്പ്‌ലൈന്‍. ഇതില്‍ ഇന്ത്യക്കും പാക്കിസ്ഥാനും 38 എം എം എസ് സി എം ഡി വാതകം ലഭിക്കും. ശേഷിക്കുന്ന 14 എം എം എസ് സി എം ഡി അഫ്ഗാനിസ്ഥാന് ആയിരിക്കും.
വികസനത്തിനായുള്ള അഭിവാഞ്ജകളെ തളര്‍ത്താന്‍ വെറുപ്പിന്റെയും അക്രമത്തിന്റെ ശക്തികളെ അനുവദിക്കരുതെന്ന് ഹാമിദ് അന്‍സാരി ചടങ്ങില്‍ പറഞ്ഞു. ഇത്തരം പദ്ധതികള്‍ നാല് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താന്‍ ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിക്കായി പരിശ്രമിച്ച പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ അദ്ദേഹം അഭിനന്ദിച്ചു.