Connect with us

National

എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആക്രമണ സാധ്യത കല്‍പ്പിക്കപ്പെടുന്ന എട്ട് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും പോലീസ് മേധാവികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം.
ജയ്പുര്‍, അജ്മീര്‍, ജോധ്പുര്‍, സിക്കാര്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമാണ് ആക്രമണ സാധ്യത നേരിടുന്ന പ്രധാന സ്ഥലങ്ങള്‍. ഭീകരാക്രമണ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി.
പാരീസ് ആക്രമണത്തിനു പിന്നാലെ തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി നേരത്തെയും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസിലുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരീല്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Latest