Connect with us

Malappuram

ഇസിലിന്റെ ഖിലാഫത്ത് വാദം ഇസ്‌ലാം വിരുദ്ധം: ശൈഖ് യഹ്‌യാ നിനോവി

Published

|

Last Updated

മലപ്പുറം: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഖിലാഫത്ത് വാദം ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണെന്നും ഐ എസിന്റെ ദുഷ്‌ചെയ്തികളിലൂടെ തങ്ങളുടെ മതവും ജീവിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നതാണ് മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയന്നും ഡോ. ശൈഖ് സയ്യിദ് മുഹമ്മദ് ബിന്‍ യഹ്‌യാ നിനോവി. മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം മഹബ്ബ കോണ്‍ഫറന്‍സിന് മലപ്പുറത്തെത്തിയ അദ്ദേഹം സിറാജിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റ മദീന ഇന്‍സ്റ്റിറ്റിയൂട്ട് തലവനും ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള പ്ലാനെറ്റ് മേഴ്‌സി സ്ഥാപകനും അന്താരാഷ്ട്ര പ്രശസ്തനായ ഇസ്‌ലാമിക വ്യക്തിത്വവും കൂടിയാണ് നിനോവി. അതിരുകളില്ലാതെ സ്‌നേഹം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ആശയത്തിന്റെ ഉരക്കല്ലില്‍ പരിശോധിച്ചാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അളക്കേണ്ടത്. കാരുണ്യവാനായ അല്ലാഹുവിന്റെ മതം ഒരു ജീവിയെയും വേദനിപ്പിക്കില്ല. ഈയര്‍ഥത്തില്‍ പരിശോധിച്ചാല്‍, ഇസില്‍ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ ഖിലാഫത്ത് വാദം പൊള്ളത്തരമാണെന്ന് മനസിലാകും. മതത്തിലില്ലാത്തതും കരുണവറ്റിയതും ബുദ്ധിക്കും പ്രയോഗത്തിനും വിരുദ്ധമായതുമായ പ്രവര്‍ത്തനങ്ങളാണ് ഐ എസിന്റേത്. നിഷ്‌കളങ്കരായ ആളുകളെ വെച്ച് വിലപേശി അവരെ കഴുത്തറുത്ത് കൊല്ലാന്‍ ഏത് മതശാസനയാണ് ബഗ്ദാദിക്കും ഐ എസിനും ലൈസന്‍സ് നല്‍കിയതെന്നും സിറിയയില്‍ കുടുംബ വേരുള്ള ശൈഖ് നിനോവി ചോദിച്ചു. ബഗ്ദാദി മുതല്‍ ബോക്കോ ഹറാം വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെല്ലാം ഒരൊറ്റ അടിത്തറയിലാണ്. പാരമ്പര്യ നിഷേധമാണ് അവരുടെയെല്ലാം മുഖമുദ്ര. വഹാബിസം മുതല്‍ ഇഖ്‌വാനിസം വരെയുള്ള എല്ലാ പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ ചരിത്രത്തോട് മുഖം തിരിഞ്ഞു നിന്നവരാണ്.
ഇവിടെ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വലിയ ഉത്തരവാദിത്വങ്ങളുണ്ട്. ആയിരത്തി നാനൂറ് കൊല്ലത്തെ ഇസ്‌ലാമിക ചരിത്രം മാറ്റിവെച്ച് നാലു കൊല്ലത്തെ ബഗ്ദാദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നു പറയുന്നവരെ വാക്കിലും പ്രവൃത്തിയിലും എതിര്‍ത്തു തോല്‍പ്പിക്കണമെന്നും ശൈഖ് നിനോവി ആവശ്യപ്പെടുന്നു. കഴിഞ്ഞ പത്തു ദിവസമായി ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും നടത്തിയ പ്രഭാഷണങ്ങളിലെല്ലാം താന്‍ ഇക്കാര്യമാണ് ഊന്നിപ്പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
ഇന്ന് സ്വലാത്ത് നഗറില്‍ നടക്കുന്ന മഹബ്ബ ആത്മീയ സംഗമത്തിലും ഹദീസ് – പണ്ഡിത സംഗമത്തിലും ശൈഖ് നിനോവി സംബന്ധിക്കും. തിരുനബി സ്‌നേഹവുമായി അനേകം രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമൂഹ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല.

---- facebook comment plugin here -----

Latest