പാര്‍ക്കിംഗ് സൗകര്യമില്ല; അബുദാബിയില്‍ ഡ്രൈവര്‍മാര്‍ ദുരിതത്തില്‍

Posted on: September 12, 2015 6:16 pm | Last updated: September 12, 2015 at 6:16 pm

parkingഅബുദാബി: നഗരത്തില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് നഗരവാസികള്‍ക്ക് ദുരിതമാവുന്നു. രാത്രി പത്ത് കഴിഞ്ഞാല്‍ പാര്‍ക്കിംഗ് കിട്ടാക്കനിയാകും. വാഹന പെരുപ്പ് പാര്‍ക്കിംഗ് ദൗര്‍ലഭ്യത്തിന് കാരണമാകുന്നു.
ഖാലിദിയ്യ ഏരിയയിലാണ് പാര്‍ക്കിംഗ് സൗകര്യമില്ലെന്ന പരാതി ഏറെയും. രാത്രി ഒമ്പത് കഴിഞ്ഞാല്‍ ഖാലിദിയ ഏരിയയില്‍ പാര്‍ക്കിംഗ് വളരെ ദുര്‍ലഭമാണ്. ഒരു മണിക്കൂറോളം കറങ്ങിയാല്‍ മാത്രമേ പാര്‍ക്കിംഗ് കിട്ടുകയുള്ളു. അതും താമസ സ്ഥലത്ത് നിന്നും കിലോമീറ്റര്‍ അകലെയാണെന്ന് മലയാളിയായ ബശീര്‍ പരാതിപ്പെട്ടു.
പാര്‍ക്കിംഗ് ലഭിക്കാത്ത രണ്ടാമത്തെ സ്ഥലം ഹംദാന്‍ സ്ട്രീറ്റാണ്. പ്രധാന ഹോസ്പിറ്റലുകളും ബിസിനസ് സ്ഥാപനങ്ങളും ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നാല്‍ മാത്രമേ പാര്‍ക്കിംഗ് ലഭിക്കുകയുള്ളു.
ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് ദിര്‍ഹവും ഒരു ദിവസം പാര്‍ക്ക് ചെയ്യുന്നതിന് 15 ദിര്‍ഹവുമാണ് അബുദാബിയില്‍ മവാഫിഖ് ചാര്‍ജ് ഈടാക്കുന്നത്. തിരഞ്ഞെടുത്ത ഏരിയകളില്‍ രാത്രി 10 കഴിഞ്ഞാല്‍ റെസിഡന്‍സ് പാര്‍ക്കിംഗ് ഏരിയകളാല്‍ തിരിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പാര്‍ക്കിംഗിന് സമീപത്ത് താമസക്കാരല്ലാത്തവര്‍ ചാര്‍ജ് നല്‍കിവാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹവും പാര്‍ക്കിംഗ് അനുവദിച്ച സ്ഥലത്ത് ചാര്‍ജ് നല്‍കാതെ പാര്‍ക്ക് ചെയ്താല്‍ 300 ദിര്‍ഹമാണ് പിഴ ചുമത്തുക.
റസിഡന്‍സ് മേഖലകളില്‍ ആവശ്യത്തിന് പാര്‍ക്കിംഗ് ഏരിയ ഒഴിവുണ്ടെങ്കിലും സാധാരണ മേഖലകളില്‍ രാത്രി സമയങ്ങളില്‍ മണിക്കൂറുകള്‍ പാര്‍ക്കിംഗിനായി കാത്തിരിക്കണമെന്ന് അബുദാബി സലാം സ്ട്രീറ്റില്‍ താമസിക്കുന്ന മലയാളിയായ ജബ്ബാര്‍ പറയുന്നു. ജോലികഴിഞ്ഞ് രാത്രി പത്തിന് താമസസ്ഥലത്ത് എത്തുന്ന ഇദ്ദേഹം ഒരു മണിയോട് കൂടിയാണ് വാഹനം പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ക്കിംഗ് ഏരിയ മനസ്സിലാക്കാത്തത് കൊണ്ട് മറ്റു എമിറേറ്റുകളില്‍ നിന്ന് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് കനത്ത പിഴയാണ് ലഭിക്കുന്നത്. സലാം സ്ട്രീറ്റില്‍ നഗരസഭക്ക് മുന്നില്‍ കഴിഞ്ഞ ദിവസം റസിഡന്‍#്‌സ് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാഹനത്തിന് 500 ദിര്‍ഹമാണ് പിഴ ലഭിച്ചത്.