കാരണം മഴയോ മരണമോ? വരാണസിയിലേക്ക് ഇത്തവണയും മോദിയില്ല; അതൃപ്തി പുകയുന്നു

Posted on: July 16, 2015 11:21 pm | Last updated: July 16, 2015 at 11:21 pm
SHARE

narendra-modi1വരാണസി: സ്വന്തം മണ്ഡലത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ഒരിക്കല്‍ കൂടി മഴയില്‍ മുടങ്ങി. മോശം കാലാവസ്ഥയെ തുടര്‍ന്ന് വരാണസി യാത്ര റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മോദിക്ക് വേദിയൊരുക്കുന്നതിനിടക്ക് ഷോക്കേറ്റ് ഒരാള്‍ മരിച്ചതാണ് കാരണമെന്ന് നിരവധി നേതാക്കള്‍ കരുതുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മി കാന്ത് വാജ്‌പേയിക്കും ഇതേ അഭിപ്രായമാണ്.
മോദിയുടെ സന്ദര്‍ശനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും വേദിയായ ഡി എല്‍ ഡബ്ല്യൂ ഗ്രൗണ്ടില്‍ അലങ്കാരപ്പണികള്‍ നടത്തിയ 19കാരന്‍ മരിച്ചതാണ് കാരണമെന്നും ലക്ഷ്മീ കാന്ത് പറഞ്ഞു. നേരത്തേ ജൂണ്‍ 28ന് നിശ്ചയിച്ച സന്ദര്‍ശനം കനത്ത മഴയുടെ കാരണം പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ മഴ പെയ്താലും പ്രധാനമന്ത്രി ഇറങ്ങണമെന്ന് നിശ്ചയിച്ച് വാട്ടര്‍പ്രൂഫ് ടെന്റുകളും മെച്ചപ്പെട്ട ഡ്രൈനേജ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിന്റെയും ലക്ഷ്മികാന്ത് വാജ്‌പെയിയുടെയും മേ ല്‍നോട്ടത്തിലായിരുന്നു ഒരുക്കങ്ങള്‍.
187 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ട്രോമാ കെയര്‍ സെന്ററിന്റെ ഉദ്ഘാടനമാണ് ഇവിടെ പ്രധാനമായും നിശ്ചയിച്ചിരുന്നത്. 2014 ഒക്‌ടോബര്‍ 14ന് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതാണ് ഈ ട്രോമാ കെയര്‍ സെന്റര്‍. അന്നും പ്രധാനമന്ത്രിയായിരുന്നു ഉദ്ഘാടകന്‍. അന്ന് ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം മാറ്റി. പിന്നീട് ജൂണ്‍ 28നും. ഒരുതവണ കൂടി മാറ്റിവെക്കുന്നത് പ്രദേശവാസികളില്‍ അതൃപ്തി പരത്തുന്നുണ്ട്.
തങ്ങളുടെ സ്വന്തം എം പിക്കായുള്ള കാത്തിരിപ്പ് നീണ്ടുനീണ്ടു പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറയുന്നു. സംസ്ഥാന ബി ജെ പി ഘടകത്തിലും അതൃപ്തിയുണ്ട്. ലക്ഷ്മീകാന്തിന്റെ വാക്കുകള്‍ ഇതിനുള്ള തെളിവായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.