Connect with us

National

ആം ആദ്മിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം എല്‍ എ അറസ്റ്റില്‍

Published

|

Last Updated



ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം എല്‍ എ മനോജ് കുമാറിനെ വഞ്ചനാ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അദ്ദേഹത്തെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2012ല്‍ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കുമാര്‍ ആറ് ലക്ഷം രൂപക്ക് വിറ്റ ഭൂമി അദ്ദേഹത്തിന്റെ കൈവശമുള്ളതല്ലെന്ന് പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഭൂമി കുമാറിന്റെ കൈവശമുള്ളതാണെന്ന് വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ഥ ഉടമ ചന്ദ്രകല ഭുമി താന്‍ ഒരിക്കലും കുമാറിന് വില്‍പ്പന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. അതേസമയം അറസ്റ്റിന് മുമ്പായി എം എല്‍ എക്ക് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് 2014 മെയ് 14 നാണ്. എന്ത് കൊണ്ട് കുമാറിനെ നേരത്ത അറസ്റ്റ് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെയും ഡല്‍ഹി പോലീസിന്റെയും ഇടയിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഇരയാണ് കുമാറെന്നും അഭിഭാഷകന്‍ വാദിച്ചു. രേഖകളും പണവും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ കണ്ടെടുക്കേണ്ടതുള്ളതിനാല്‍ എം എല്‍ എയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി പാര്‍ട്ടി എം എല്‍ എയാണ് കുമാര്‍. നേരത്തെ വ്യാജ ഡിഗ്രി കേസില്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

Latest