സെല്‍ഫിയിലെ അപകടം തടയാന്‍ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ്

Posted on: July 8, 2015 7:58 pm | Last updated: July 8, 2015 at 7:58 pm

russiasafeselfies_new

മോസ്‌ക്കോ: സെല്‍ഫിഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയെ ബോധവത്കരിക്കാന്‍ ക്യാമ്പയിനുമായി റഷ്യന്‍ സര്‍ക്കാര്‍. സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍ ഈ വര്‍ഷം റഷ്യയില്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബോധവത്കരണവുമായി പോലീസ് ഇറങ്ങിയിരിക്കുന്നത്.

സുരക്ഷിതമല്ലാത്ത സെല്‍ഫികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റോഡ് ചിഹ്നങ്ങളുടെ മാതൃകയിലുള്ള അപായസൂചനകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. റെയില്‍വേ ട്രാക്കിലും ബില്‍ഡിംഗുകളുടെ മേല്‍ക്കൂരയില്‍ കയറിയും സെല്‍ഫിയെടുക്കരുത്. തോക്ക് കൈവശംവെച്ച് സെല്‍ഫി എടുക്കുക, കടുവയോടൊപ്പം സെല്‍ഫി എടുക്കുക, ഇലക്ട്രിസിറ്റി ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കുക, ബോട്ടിന്റെ അറ്റത്ത് നിന്ന് സെല്‍ഫി എടുക്കുക തുടങ്ങിയവ അപടകരമായ സെല്‍ഫിക്ക് ഉദാഹരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു.