Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പട്ടികയായി

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ഥി പ്രവേശനം ആരംഭിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www. hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്‌കൂളില്‍ ഈ മാസം 18നു വൈകീട്ട് അഞ്ചിനു മുമ്പായി നിര്‍ബന്ധമായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലിസ്‌റ്റെടുക്കുന്ന ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ ഒരു പേജിന്റെ രണ്ടുവശങ്ങളിലായി പ്രിന്റെടുത്ത് അതത് സ്‌കൂളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നു പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താല്‍ക്കാലികപ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണു നല്‍കേണ്ടത്.
ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്കു തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിശ്ചിതസമയത്തിനുളളില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിനു ഹാജരാവണം. അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാംഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പുവെച്ചിരിക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവസര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെടുന്നവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ബോര്‍ഡുകളില്‍ നിന്ന് ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ അടുത്തമാസം ഒന്നുവരെ സമയം അനുവദിക്കും. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ്‌വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ഥികളാണ് അപേക്ഷകള്‍ നല്‍കിയത്.