Connect with us

Gulf

മധ്യപൗരസ്ത്യ ദേശ വിമാനക്കമ്പനികള്‍ ലാഭം കൊയ്യുമ്പോള്‍

Published

|

Last Updated

മധ്യപൗരസ്ത്യദേശത്തെ എയര്‍ ലൈനറുകള്‍ വന്‍ ലാഭത്തിലേക്ക്. 2015ല്‍ 180 കോടി ഡോളര്‍ വരുമാനമാണ് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (അയാട്ട) കണക്കാക്കിയിരിക്കുന്നത്. 2014ലേതിനെക്കാള്‍ 63.6 ശതമാനം വര്‍ധന. യാത്രക്കാര്‍ കൂടുന്നതും എണ്ണവില കുറഞ്ഞതുമാണ് ലാഭം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ ടോണി ടൈലര്‍ പറഞ്ഞു.
മധ്യപൗരസ്ത്യ ദേശത്തെ മിക്ക എയര്‍ലൈനറുകളും പുതിയ റൂട്ടുകള്‍ കണ്ടെത്താന്‍ മിടുക്ക് കാണിച്ചിട്ടുണ്ട്. യു എ ഇയിലെ ഇത്തിഹാദും എമിറേറ്റ്‌സും ഇന്ന് ലോകത്തെ മിക്ക നഗരങ്ങളിലേക്കും സേവനം നടത്തുന്നു. ഏറ്റവും ആധുനിക വിമാനങ്ങള്‍ കൈക്കലാക്കുകയും യാത്രക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു.
യു എ ഇയില്‍ അബുദാബി, ദുബൈ, ഷാര്‍ജ ആസ്ഥാനമായി ഓരോ വിമാനക്കമ്പനികള്‍ ഉണ്ടെന്നതാണ് സവിശേഷത. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് നേരത്തെ തന്നെ ലോക ശ്രദ്ധനേടിയതാണ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം എമിറേറ്റ്‌സിന്റെ വികസന കുതിപ്പിനും വേഗം കൂടി. എമിറേറ്റ്‌സിന്റെ ചുവടുപിടിച്ച് ബജറ്റ് എയര്‍ലൈനറായ ഫ്‌ളൈ ദുബൈയും വന്‍ ലാഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലേക്ക് കൂടുതല്‍ സേവനം നടത്താന്‍ ഫ്‌ളൈ ദുബൈ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്തെ വന്‍ നഗരങ്ങളിലേക്ക് മികച്ച സേവനം എന്ന ദൗത്യവുമായാണ് ഇത്തിഹാദിന്റെ മുന്നേറ്റം. അബുദാബി വിമാനത്താവളത്തിലെ വികസനം ഇത്തിഹാദിന് ആവേശം പകര്‍ന്നു. ഇന്ത്യന്‍ ജെറ്റ്എയര്‍വേസ് അടക്കം ലോകത്തിലെ മികച്ച സ്വകാര്യ എയര്‍ലൈനറുകളുമായുള്ള പങ്കാളിത്തം ഗുണകരമായി.
ഷാര്‍ജയിലെ എയര്‍ അറേബ്യ അത്ഭുതകരമായ വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷം വലിയ ലാഭം നേടി.
ഇതില്‍ നിന്ന് ഇന്ത്യയിലെ എയര്‍ലൈനറുകള്‍ വിശേഷിച്ച്, എയര്‍ ഇന്ത്യ പാഠം പഠിക്കാനുണ്ട്. ഒരുകാലത്ത്, ലോകത്ത് ഏറ്റവും റൂട്ടുകളുള്ള വിമാനക്കമ്പനിയായിരുന്നു എയര്‍ ഇന്ത്യ. ഗള്‍ഫ്-ഇന്ത്യന്‍ മേഖല എയര്‍ ഇന്ത്യയുടെ കുത്തകയായിരുന്നു. അന്ന്, ഇന്ത്യന്‍ എയര്‍ലൈന്‍സും ഉപ കമ്പനിയായി ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ച് ഒറ്റക്കമ്പനിയായി. വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യന്‍ വ്യോമ മന്ത്രാലയത്തിന്. എന്നാല്‍, ഉദ്യോഗസ്ഥരുടെയും വിമാന ജീവനക്കാരുടെയും കെടുകാര്യസ്ഥത പ്രതീക്ഷകളെ തകിടം മറിച്ചു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കായി. ലാഭം നേടിക്കൊടുക്കുന്നത് ഗള്‍ഫ്-കേരള മേഖല മാത്രമായി. എന്നിട്ടും സേവനം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ തയ്യാറാല്ല. പലപ്പോഴും യാത്രക്കാര്‍ ദുരിതം നേരിടുന്നു.
ഗള്‍ഫ്-കേരള യാത്രക്കാര്‍ക്ക് ആശ്വാസം പകരാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്തുവന്നതുമാത്രമാണ് ആകെയുള്ള നേട്ടം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2014ല്‍ ലാഭം നേടിയിരിക്കുന്നു. 2015ലും ലാഭം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.

 

Latest