Connect with us

Thrissur

പെട്രോള്‍ പമ്പ് കുത്തിത്തുറന്ന് ഒന്നരലക്ഷം കവര്‍ന്നു

Published

|

Last Updated

പാവറട്ടി: മുല്ലശേരി സെന്ററിലെ പെട്രോള്‍ പമ്പ് ഓഫീസ് കുത്തിതുറന്ന് ഒന്നരലക്ഷം രൂപ കവര്‍ന്നു. സെന്ററിലെ പരന്തന്‍ ഫ്യൂവല്‍ എന്ന പെട്രോള്‍ സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തു അകത്തുകയറിയ മോഷ്ടാവ് ഓഫീസനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന തുകയാണ് മോഷ്ടിച്ചത്. ഏങ്ങണ്ടിയൂര്‍ സ്വദേശി പരന്തന്‍ വേലുണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്.
വെള്ളിയാഴ്ചയിലെയും, ശനിയാഴ്ചയിലെയും കലക്ഷനായി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ഇന്നലെ പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഓഫീസ് തുറന്നിരുന്നില്ല. അതിനാല്‍ ഇന്നലത്തെ പണം മോഷണം പോയില്ല. ഇന്നുരാവിലെ ഏഴുമണിയോടെ പമ്പിലെ ജീവനക്കാരനായ മുല്ലശേരി കോക്കന്‍തറ വീട്ടില്‍ പ്രതാപന്‍ പെട്രോള്‍ പമ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയിലാണ്. ഷട്ടറിന്റെ പൂട്ട് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി ഒമ്പത് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ബസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഗുരുവായൂര്‍ സി ഐ കെ സുദര്‍ശന്‍, പാവറട്ടി എസ് ഐ എം കെ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ സിറ്റി സ്‌റ്റേഷനിലെ വിരലടയാള വിദഗ്ധനായ കെ പി ബാലകൃഷ്ണന്‍, ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ ഒ കെ സുകുമാരന്‍ എന്നിവരും ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ സ്‌റ്റെല്ല എന്ന നായയും അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തി.
മണംപിടിച്ച നായ പമ്പിന്റെ പുറകുവശത്തേക്കും പിന്നീട് റോഡിലേക്കിറങ്ങി സമീപത്തെ ആക്രി കട വരെയും ഓടിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഒരാഴ്ച മുമ്പ് ഏനമാവ് കെട്ടുങ്ങലില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും മൂന്നുലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു.

Latest