Articles
മണ്ണെണ്ണ തരില്ല; കൂര വെക്കാന്‍ സമ്മതിക്കില്ല

ഓളപരപ്പിനോട് മല്ലിടുന്നതിനേക്കാള്‍ വലിയ ത്യാഗം സഹിച്ചാലേ ഒരു വീടുവെക്കാനുള്ള അനുമതിയാകൂ എന്നതാണ് മത്സ്യത്തൊഴിലാളികളുടെ ദയനീയത. ടൂറിസവും നിക്ഷേപവും പറഞ്ഞ് ഓളപ്പരപ്പിനോട് ചേര്‍ന്ന് കൂറ്റന്‍ റിസോര്‍ട്ടുകളും ഫഌറ്റ് സമുച്ചയങ്ങളും നിര്‍മിക്കാന്‍ സര്‍വനിയമങ്ങളും കാറ്റില്‍ പറത്തി അനുമതി നല്‍കുന്നവര്‍ ഒരു വീട് വെക്കാനുള്ള അപേക്ഷയുമായി വരുന്ന മത്സ്യത്തൊഴിലാളിക്ക് മുന്നില്‍ നടപടിക്രമങ്ങളുടെ കെട്ടഴിച്ച് വിടും. മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഫഌറ്റ് സമുച്ചയങ്ങള്‍ക്ക് പ്രശ്‌നമാകാത്ത നിയന്ത്രണങ്ങളാണ് മത്സ്യത്തൊഴിലാളിയുടെ രണ്ട് മുറി വീടിന് ബാധകമാകുന്നത് എന്ന ദുസ്ഥിതി ഒരു ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (സി ആര്‍ സെഡ്) തീരദേശ പരിപാലനത്തിനോ അതോ മത്സ്യത്തൊഴിലാളികളെ മാത്രം നിയന്ത്രിക്കാന്‍ വേണ്ടിയോയെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. കുത്തക മുതലാളിമാര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന സി ആര്‍ സെഡ് നിയമം മത്സ്യത്തൊഴിലാളികളെ സര്‍വശക്തിയും ഉപയോഗിച്ച് സംഹരിക്കുകയാണ്.
നാല് മേഖലകളാണ് ഇന്ത്യയിലെ കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍. ഒന്ന് മുതല്‍ നാല് വരെയുള്ള ഈ സോണുകളില്‍ കേരളത്തിന്റെ ഭൂരിഭാഗം തീരവും (ഗ്രാമപഞ്ചായത്തുകള്‍)സോണ്‍ മൂന്നിലാണ്. കടലോളങ്ങള്‍ കയറി ഇറങ്ങുന്ന ഭാഗം മുതല്‍ 500 മീറ്റര്‍ വരെയുള്ള സ്ഥലങ്ങളില്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പാടില്ലെന്നതാണ് സോണ്‍ മൂന്നിന്റെ പ്രത്യേകത. നിയമം കൊണ്ടുവന്ന ഘട്ടത്തില്‍ തന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 500 മീറ്റര്‍ പരിധി 200 ആയി കുറച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഉടമസ്ഥാവകാശമുള്ള രണ്ടും മൂന്നും സെന്റ് ഭൂമി ഈ 200 മീറ്റര്‍ പരിധിക്കുള്ളിലായതിനാല്‍ വീടുവെക്കുക ദുഷ്‌കരമായി. കോസ്റ്റല്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ അപേക്ഷ നല്‍കി പ്രത്യേക അനുമതി തേടിയാല്‍ മാത്രമേ വീട് വെക്കാന്‍ ഇവര്‍ക്ക് അനുമതിയുള്ളൂ. അതിന് കടക്കാനുള്ളതാകട്ടെ വലിയ കടമ്പകളും.
വീടിന്റെ നിര്‍മാണത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാകാന്‍ വേണ്ട സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണത്തിന് ഈ നിയമം തടസം നില്‍ക്കുന്നു.
മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) സംസ്ഥാന പ്രസിഡന്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ ഉമര്‍ ഒട്ടുമ്മല്‍ പറയുന്നു. കടല്‍ തൊഴിലാളികള്‍ക്ക് വീട് വെക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മത്സ്യബന്ധന അനുബന്ധ ഉപകരണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കുമെല്ലാം ഈ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യം.
കൊച്ചി മറൈന്‍ഡ്രൈവില്‍ പോലും തീരത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച വന്‍കിട കമ്പനികളുടെ ബഹുനില മന്ദിരങ്ങള്‍ക്ക് ബാധകമല്ലാത്ത നിയമമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മേല്‍ പ്രയോഗിക്കുന്നത്. തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട കെട്ടിടത്തിന് നല്‍കുന്ന സംരക്ഷണം പോലും പാവപ്പെട്ട കടല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.
മണ്ണെണ്ണ പ്രശ്‌നമാണ് മറ്റൊരു പ്രതിസന്ധി. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പൊതുവിതരണ സംവിധാനത്തിലേക്ക് നല്‍കുന്ന മണ്ണെണ്ണയില്‍ ഒരു വിഹിതം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയാണ് ചെറിയ രീതിയിലെങ്കിലും കേരളം ആശ്വാസം പകരുന്നത്. എന്നാല്‍, ഈ നിലപാട് അംഗീകരിക്കില്ലെന്ന് കര്‍ക്കശമായി പറയുകയാണ് കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ വിഹിതം വെട്ടിക്കുറക്കുമെന്നാണ് ഭീഷണി.
മണ്ണെണ്ണ വിഹിതം ഓരോ വര്‍ഷവും കുറയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഒരു പാദത്തിലേക്ക് (മൂന്ന് മാസം) കേരളത്തിന് നല്‍കിയിരുന്ന മണ്ണെണ്ണ 28,600 കിലോ ലിറ്ററായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകം വിഹിതമില്ലാത്തതിനാല്‍ 2003ല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ലഭിക്കുന്ന മണ്ണെണ്ണയില്‍ ഒരു വിഹിതം മത്സ്യത്തൊഴിലാളി മേഖലക്ക് നല്‍കി തുടങ്ങി. 400 മുതല്‍ 600 കിലോ ലിറ്റര്‍ വരെയായിരുന്നു ഇത്.
ആകെ വിഹിതം പിന്നീട് 23,000 കിലോലിറ്ററായും പതിനെട്ടായിരമായും പതിനയ്യായിരമായും കുറച്ചു. ഒടുവില്‍ പതിനായിരം കിലോലിറ്റര്‍ എന്ന നിലയില്‍ നിജപ്പെടുത്തി. പൊതുവിതരണ സമ്പ്രദായത്തിലേക്ക് നല്‍കുന്ന സബ്‌സിഡി മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രം നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു.
2010ല്‍ പെട്രോളിയം മന്ത്രിയായിരുന്ന എസ് ജയ്പാല്‍ റെഡ്ഢിയും പിന്നീട് വന്ന മുരളീദേവ്‌റയും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന വിഹിതം അവസാനിപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം കുറയുന്നതിനൊപ്പം റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ധിച്ച് വന്നതും പ്രതിസന്ധി രൂക്ഷമാക്കി. 67 ലക്ഷമായിരുന്ന റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 79 ലക്ഷമായി ഉയര്‍ന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അഞ്ച് ലിറ്ററും രണ്ട് ലിറ്ററും ലഭിച്ചിരുന്ന മണ്ണെണ്ണ അര ലിറ്ററായി കുറച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 30,200 കോടി രൂപ വിദേശ നാണ്യവും ഒരു ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനവും നല്‍കുന്ന മത്സ്യ മേഖലയോടുള്ള ശത്രുതാപരമായ നിലപാടായിരുന്നു ഇത്. ലഭ്യമാകുന്ന മണ്ണെണ്ണ കൊണ്ട് ഒരാഴ്ച്ച പോലും മത്സ്യബന്ധനം സാധ്യമാകില്ലെന്നിരിക്കെയാണ് കിട്ടുന്നത് തന്നെ തടഞ്ഞത്. 80 മുതല്‍ 120 രൂപ വരെ ലിറ്ററിന് നല്‍കി കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനം നടത്തുകയാണ് പലരും.
2329 കിലോ ലിറ്ററാണ് നിലവില്‍ മത്സ്യമേഖലക്ക് നല്‍കുന്ന സബ്‌സിഡി മണ്ണെണ്ണ. നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതോടെ കേന്ദ്രവിഹിതത്തില്‍ നിന്ന് 2,329 കിലോലിറ്റര്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തില്‍ നിന്ന് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ആദ്യപാദത്തിലേക്ക് അനുവദിച്ചെങ്കിലും വീണ്ടും തടയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പൊതുവിഹിതത്തില്‍ നിന്ന് വകമാറ്റുന്നതിന് പകരം മത്സ്യതൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഹിതം അനുവദിക്കണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം. 2010-11 ബജറ്റില്‍ ഇതിനായി പ്രത്യേകം വിഹിതം വകയിരുത്തിയതാണെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. മണ്ണെണ്ണയെന്നത്് മത്സ്യത്തൊഴിലാളികളുടെ അവകാശമായി അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. (അവസാനിച്ചു)