Kozhikode
സംഘടനാ വൈവിധ്യങ്ങള്‍ അക്രമത്തിന് പ്രേരകമാവരുത്: കാന്തപുരം

കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ സംഘടനാ വൈവിധ്യങ്ങള്‍ പരസ്പരം അക്രമിക്കാനുള്ള പ്രേരകമാവരുതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ശാന്തമായി പ്രവര്‍ത്തിക്കാനും പുരോഗമനപരമായ പ്രവര്‍ത്തന വൈവിധ്യങ്ങള്‍ കൊണ്ടുവരാനുമുള്ള പക്വത കൈവരിക്കാന്‍ എല്ലാവരും ശ്രമിക്കണം. മര്‍കസില്‍ നടന്ന ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ സമാപനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ഡിതരെ വിലക്കെടുക്കുന്ന പ്രസ്ഥാനങ്ങളും പാര്‍ട്ടികളും നമ്മുടെ നാട്ടിലുണ്ട്. അവരുടെ വലയത്തിലകപ്പെടാതെ സുന്നി ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാനും പ്രതിലോമകാരികളെ ബുദ്ധിപരമായി സമീപനത്തിലൂടെ പ്രതിരോധിക്കാനും യുവപണ്ഡിതന്മാര്‍ ശ്രദ്ധാലുക്കളാവണമെന്നും സമസ്തയും കീഴ്ഘടകങ്ങളും ഒരു ഭിന്നിപ്പുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്നും കാന്തപുരം പ്രസ്താവിച്ചു.
സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഖഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ്, അബ്ദുറസാഖ് സഖാഫി സംബന്ധിച്ചു. സി.എം ഇബ്രാഹീം പ്രസംഗിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും ഹാഫിള് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.