Connect with us

Kerala

സ്‌നേഹമുദ്രയുമായി മമ്മൂട്ടി; ശഫീഖും സൂപ്പര്‍ താരമായി

Published

|

Last Updated

തൊടുപുഴ: ഒരായുസ്സിന്റെ മുഴുവന്‍ ക്രൂരത നാല് വയലസ്സിനിടെ ഏറ്റുവാങ്ങിയ ആ കുഞ്ഞുനെറ്റിത്തടത്തില്‍ മലയാളത്തിന്റെ മഹാനടന്‍ വാല്‍സല്യത്തിന്റെ ഒരു ഉമ്മ നല്‍കി. കുഞ്ഞുശഫീഖിന് അതു ഒരിക്കലും മറക്കാനാകാത്ത സ്‌നേഹ മുദ്രയായി. ഇന്നലെ തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലെ അമ്മത്താരാട്ടില്‍ താരപരിവേഷങ്ങളില്ലാതെയാണ് മമ്മൂട്ടി എത്തിയത്. സാധാരണ ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയ ശഫീഖിനൊപ്പം 20 മിനിട്ടോളം അദ്ദേഹം ചെലവഴിച്ചു.
മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ജീവനക്കാരും ആവേശത്തോടെ മമ്മൂട്ടിയെ വരവേറ്റു. ശഫീഖിന്റെ അരികിലെത്തിയ മമ്മൂട്ടി അവനെ കെട്ടിപ്പുണര്‍ന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഏറ്റുവാങ്ങി, മരണത്തിന്റെ പടിവാതിലില്‍ വരെയെത്തിയ അവന്റെ ഇപ്പോഴത്തെ അവസ്ഥ ശിശുരോഗ വിദഗ്ധനും മെഡിക്കല്‍ കോളജ് ഡയറക്ടറുമായ ഡോ. കെ പി ഷിയാസിനോട് ചോദിച്ചറിഞ്ഞു.
കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാനാവില്ലെങ്കിലും മമ്മൂട്ടിക്ക് മുന്നില്‍ അവന്‍ താരമായി. വല്ല്യേട്ടനിലെയും പഴശ്ശിരാജയിലെയും ഡയലോഗുകള്‍ കട്ടിലില്‍ കിടന്ന് ശഫീഖ് അഭിനയിച്ച് കാണിച്ചതോടെ മമ്മൂട്ടിക്ക് വാത്സല്യം കൂടി. കൈ നിറയെ സമ്മാനവും പുത്തനുടുപ്പുകള്‍ വാങ്ങാനുള്ള പണവും കുഞ്ഞുകൈകളില്‍ നല്‍കി. പെറ്റമ്മയേക്കാള്‍ വാത്സല്യത്തോടെ ശഫീഖിനെ പരിപാലിക്കുന്ന രാഗിണിയോടും കാര്യങ്ങള്‍ തിരക്കിയ മെഗാസ്റ്റാര്‍ അവരെ അഭിനന്ദിക്കാനും മറന്നില്ല. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ എം മൂസ, മാനേജിംഗ് ഡയറക്ടര്‍ കെ എം മിജാസ് എന്നിവരോടു കുട്ടിയെ ഏറ്റെടുക്കാന്‍ കാണിച്ച സന്‍മനസ്സിന് മമ്മൂട്ടി അഭിനന്ദനം അറിയിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ ഹസീബ് അനീഫ്, നൗഷാദ് ആലത്തൂര്‍, കബീര്‍ ആരക്കുഴ, സഞ്ജു വൈക്കം എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് മമ്മൂട്ടിയിറങ്ങാനൊരുങ്ങുമ്പോള്‍ ശഫീഖിന്റെ വക ഒരു ഫഌയിംഗ് കിസ്സ്. അതിന് അതേ സ്‌നേഹത്തോടെ മമ്മൂട്ടിയുടെ മറുചുംബനം. തനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരവങ്ങള്‍ക്കിടയിലൂടെ താരം മടങ്ങി.

Latest