International
അഭയം തേടിയെത്തിയ ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നടുക്കടലില്‍

ലങ്ക്വാവി(മലേഷ്യ): മ്യാന്‍മര്‍ സര്‍ക്കാര്‍ പതിറ്റാണ്ടുകളായി തുടരുന്ന പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്ത ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളെ മലേഷ്യ തിരിച്ചയക്കുന്നു. ഇവരുടെ ബോട്ടുകള്‍ തിരിച്ചയക്കുമെന്നും ഇവിടേക്ക് ഏതെങ്കിലും വിദേശ ബോട്ടുകള്‍ വരുന്നത് അനുവദിക്കില്ലെന്നും മലേഷ്യയുടെ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തലവന്‍ താന്‍ കോക് ക്വീ പറഞ്ഞു. ഈ ബോട്ടുകളിലുള്ളവര്‍ മരിക്കുമെന്ന ഭീഷണിയില്ലെങ്കില്‍ ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും നല്‍കി ഇവരെ തിരിച്ചയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ലിമെന്റംഗങ്ങളായ ചിലര്‍ മലേഷ്യയുടെ ഈ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് അഭയാര്‍ഥികളുമായി എത്തിയ ബോട്ടുകള്‍ ഇപ്പോഴും കടലില്‍ തന്നെ കിടക്കുകയാണ്. ഇതിലുള്ളവര്‍ ഭക്ഷണവും മതിയായ വെള്ളവും ഇല്ലാതെ പ്രയാസം അനുഭവിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ ആരും ഇവരെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ ഈ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. കടലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ ഈ രാജ്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും യു എന്‍ അഭ്യര്‍ഥിച്ചു.
നൂറുകണക്കിന് അഭയാര്‍ഥികളുമായി എത്തിയ ഒരു ബോട്ട് ഇന്തോനേഷ്യ നേരത്തെ തിരിച്ചയച്ചിരുന്നു. ഇവര്‍ക്കാവശ്യമായ വസ്തുക്കള്‍ നല്‍കി ഇവരുടെ യഥാര്‍ഥ ദേശമായ മലേഷ്യയുടെ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും ഇന്തോനേഷ്യ പറഞ്ഞിരുന്നു.
റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥയില്‍ വളരെ ആശങ്കപ്രകടിപ്പിച്ചിരുന്ന ഈ രണ്ട് മുസ്‌ലിം രാജ്യങ്ങളും ഇപ്പോഴെടുത്ത നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴും നിരവധി അഭയാര്‍ഥികളുമായി ബോട്ടുകള്‍ കടലിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ കരയണയുമെന്നും വിശ്വസിക്കപ്പെടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബുദ്ധ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ നിരവധി പള്ളികളും ഇവിടെ അഗ്നിക്കിരയായി. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഇവര്‍ക്കെതിരില്‍ നടത്തുന്ന വിവേചനങ്ങളും പൗരവകാശം റദ്ദുചെയ്യലും അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. ജോലി ചെയ്യാന്‍ പോലും അവസരമില്ലാതെ പലസ്ഥലങ്ങളിലും വര്‍ണവിവേചനത്തിന്റെ ഇരകളായാണ് റോഹിംഗ്യന്‍ വംശജര്‍ കഴിയുന്നതെന്ന് യു എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2012 മുതല്‍ ഈ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി ഒരു ലക്ഷത്തിലധികം റോഹിംഗ്യന്‍ വംശജരെങ്കിലും മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തത്.