Connect with us

Editorial

ജയലളിതയെ വെറുതെ വിടുമ്പോള്‍

Published

|

Last Updated

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കിയിരിക്കുന്നു കര്‍ണാടക ഹൈക്കോടതി. ഇതോടെ 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ഇവര്‍ക്ക് വിധിച്ച ശിക്ഷ റദ്ദാകുകയും ജയലളിതക്ക് വീണ്ടും മുഖ്യമന്ത്രി പദത്തിലക്കുള്ള വഴി തുറക്കുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ ജയലളിത കോടികളുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. അവരുടെ തോഴി ശശികല, വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ശശികലയുടെ മരുമകള്‍ ഇളവരശി എന്നിവര്‍ കേസില്‍ കൂട്ടുപ്രതികളുമാണ്. ആരോപണം സ്ഥിരീകരിച്ച ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി കുന ജയലളിതക്ക് നാല് വര്‍ഷം തടവും 100 കോടി പിഴയും മറ്റു പ്രതികള്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ജയലളിതക്ക് സുപ്രീം കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. പ്രത്യേക കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞ് പനീര്‍ ശെല്‍വത്തെ പകരക്കാരനാക്കിയ ജയലളിതക്ക് വീണ്ടും തിരിച്ചു വരാന്‍ അവസരമൊരുക്കും വിധി. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് നീങ്ങുന്നതിനു പുറമെ ഒരു വര്‍ഷം മാത്രം അവശേഷിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ ഡി എം കെക്ക് ഹൈക്കോടതി വിധി ഏറെ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി 1996 ജൂണ്‍ 14ന് ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയോടെയാണ് കേസിന് തുടക്കം. മുഖ്യമന്ത്രിയായപ്പോള്‍ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കെ അവര്‍ 25 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, തമിഴ്‌നാട്ടില്‍ പലയിടത്തായി ഭൂമി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍ തുടങ്ങി അനധികൃതമായി ഒട്ടേറെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഇത്രയും സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവ സമ്പാദിക്കുന്നതിനാവശ്യമായ സാമ്പത്തിക ഉറവിടങ്ങള്‍ തെളിയിക്കാന്‍ ജയലളിതക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് പ്രത്യേക കോടതി നേരത്തെ അവര്‍ക്ക് ശിക്ഷ വിധിച്ചത്. അധികാരവും സമ്പത്തും ഒന്നിച്ചുചേരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണ് ഈ കേസെന്നും വിധി പ്രസ്താവത്തില്‍ ജോണ്‍ മൈക്കല്‍ ഡി കുന ചൂണ്ടിക്കാണിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന തന്നെ അട്ടിമറിക്കുന്ന പ്രവൃത്തിയാണിത്. മുകളിലുള്ളവരെ കണ്ടാണ് താഴെയുള്ളവര്‍ പ്രവര്‍ത്തിക്കുക. ഇത്രയും വലിയ അഴിമതി നടത്തിയവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. ഭരണത്തില്‍ ഉന്നത പദവിയിലിരിക്കുന്നവര്‍ അന്യായ മാര്‍ഗേന സ്വത്ത് സമ്പാദിക്കുന്നത് സമൂഹത്തെ മൊത്തത്തില്‍ ദുഷിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രോസിക്യൂഷന് വാദം തെളിയിക്കാനായില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ജയലളിതയുടെ അപ്പീലില്‍ പ്രത്യേക കോടതി വിധി റദ്ദാക്കിയത്. രണ്ട് കോടതികളുടെ നിരീക്ഷണങ്ങളില്‍ വ്യതിരിക്തത സ്വാഭാവികമാണ്. നീതിന്യായ രംഗത്ത് അത് സാധാരണവുമാണ്. ജയലളിതയും കൂട്ടുപ്രതികളും നിരപരാധികളെങ്കില്‍ അവര്‍ കുറ്റവിമുക്തരാകുകയും വേണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ. എന്നാല്‍ അധികാരത്തിലേറുമ്പോള്‍ 9.91 കോടി രൂപയുടെ നിയമാനുസൃത സ്വത്ത് മാത്രമുണ്ടായിരുന്ന ജയലളിതക്ക് ശമ്പളം വാങ്ങാതെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അഞ്ച് വര്‍ഷത്തിനിടയില്‍ പുതുതായി 53.60 കോടി രൂപയുടെ സ്വത്ത് കൂടി എങ്ങനെ സമ്പാദിക്കാനായി എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
അഴിമതി സാര്‍വത്രികമായ കാലഘട്ടമാണിത്. കോടതികളില്‍ അഴിമതിക്കേസുകള്‍ കുന്നുകൂടുകയാണ്. കുറ്റാരോപിതര്‍ വളഞ്ഞ വഴികളിലൂടെ രക്ഷപ്പെടുന്നതും ഈ രംഗത്ത് ശിക്ഷാവിധികള്‍ ചുരുക്കവുമാണെന്നതാണ് കാരണം. ഉന്നതരുമായി ബന്ധപ്പെട്ട കേസുകളില്‍ വിശേഷിച്ചും. നിയമത്തിന്റെ സമീപനം സാധാരണക്കാരന്റെയും ഉന്നതരുടെയും കാര്യത്തില്‍ രണ്ടാണെന്ന പൊതുധാരണയും സമൂഹത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. വാഹനാപകടക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ഖാന് ഞൊടിയിട കൊണ്ട് ജാമ്യം ലഭിച്ചപ്പോള്‍ ചില പ്രമുഖര്‍ തന്നെ ഈ അഭിപ്രായം തുറന്നുപ്രകടിപ്പിക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ നീണ്ട വിചാരണക്ക് ശേഷം കുറ്റവാളിയെന്നു കീഴ്‌ക്കോടതി കണ്ടെത്തിയ, അധികാര തലങ്ങളില്‍ സ്വാധീനമുള്ള ഒരു വ്യക്തിയെ മേല്‍ക്കോടതി കുറ്റവിമുക്തമാക്കുമ്പോള്‍ ആ വിധിയുടെ പൊരുളും ന്യായവാദങ്ങളും പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടുന്ന തരത്തിലാകേണ്ടതുണ്ട്. ഇവിടെ അതുണ്ടായിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെയെങ്കില്‍, നീതിപീഠങ്ങളിലുള്ള വിശ്വാസ്യതക്ക് കോട്ടം തട്ടും.