മുള്ള്യാകുര്‍ശിയെ വിറപ്പിച്ച പുള്ളിപ്പുലി കെണിയില്‍

Posted on: May 8, 2015 11:25 pm | Last updated: May 8, 2015 at 11:25 pm
mlp-Perinthalmannyil Keniyil kudungiya puli
മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ മുള്ള്യാകുര്‍ശിയില്‍ ഒരുമാസത്തോളമായി ഭീതി പരത്തിയ പുള്ളിപ്പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയപ്പോള്‍

പെരിന്തല്‍മണ്ണ/നിലമ്പൂര്‍: കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ള്യാകുര്‍ശിയില്‍ ഭീതി പരത്തിയ പുള്ളിപുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍ വീണു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുള്ളിപ്പുലി കുടുങ്ങിയത്. മുള്ള്യാകുര്‍ശി ഭാഗത്ത് ഒരുമാസത്തിലധികമായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ട്. ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി നാല് കന്നുകാലികളെകൊന്നിരുന്നു. ഇതോടെ ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തു.
വനനിബിഡമായ കുമാരഗിരി എസ്റ്റേറ്റ്്, മനോരമ എസ്റ്റേറ്റ് തുടങ്ങി രണ്ടായിരത്തോളം ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. ഇവിടെ വന്യമൃഗങ്ങള്‍ക്ക് വസിക്കാന്‍ ഏറെ അനുയോജ്യമാണ്. ജനുവരിയില്‍ തെങ്ങിന്‍ തോട്ടത്തില്‍ മേഞ്ഞിരുന്ന കാള കുട്ടിയെ പുലി കടിച്ചു കൊന്നതോടെ ഇവിടെ വനം വകുപ്പ് രഹസ്യ കാമറ സ്ഥാപിക്കുകയും ഇതില്‍ പുള്ളിപുലിയുടെ ചിത്രം പതിയുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. രണ്ടിടങ്ങളിലായാണ് വനം വകുപ്പ് ഇരുമ്പ് കൂടുകള്‍ സ്ഥാപിച്ചത്.
പുലി കടിച്ചുകൊന്ന മുഹമ്മദിന്റെ കാളകുട്ടിയുടെ ജഡം കെണിയില്‍ വെച്ചാണ് പുലിയെ വലയിലാക്കിയത്. കെണിയില്‍ കുരുങ്ങിയ പുലിക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ ചികിത്സ നല്‍കി. ശേഷം നിലമ്പൂരിലെ സൗത്ത് ഡി എഫ് ഒ ഓഫീസിലേക്ക്്് മാറ്റി. ഇവിടെ പുലിയുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. പുലി ആരോഗ്യവാനാണെന്ന് കണ്ടെത്തിയാല്‍ പറമ്പികുളം വന്യമൃഗ സങ്കേതത്തിലേക്ക് മാറ്റും. ആരോഗ്യവാനല്ലെങ്കില്‍ വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സ നല്‍കാനാണ് തീരുമാനമെന്ന് നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ സജികുമാര്‍ പറഞ്ഞു.