National
മന്ത്രിസഭയിലെ ഭിന്നത പുറത്തായി: ധനമന്ത്രിയുടെ നീക്കത്തിന് തടയിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബി ജെ പി മന്ത്രിസഭയിലെ അനൈക്യം വെളിവാക്കി ആര്‍ ബി ഐ സംബന്ധിച്ച ധനമന്ത്രിയുടെ നീക്കത്തിന് പ്രധാനമന്ത്രിയുടെ പാര. പണപരമായ നയരൂപവത്കരണത്തിലെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സ്വാധീനം വെട്ടിക്കുറക്കാനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൊണ്ടു വന്ന നിര്‍ദേശങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവപ്പ് കൊടി ഉയര്‍ത്തിയിരിക്കുന്നത്. മോദി അധികാരത്തില്‍ വരുമ്പോള്‍ പഴയ കോണ്‍ഗ്രസ്
സര്‍ക്കാര്‍ നിയോഗിച്ച ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ ഭാവിയെക്കുറിച്ച് സംശയമുയര്‍ന്നതാണ്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മോദി രഘുറാം രാജനെ പിന്തുണക്കുന്നതാണ് ഏറ്റവും ഒടുവില്‍ കാണുന്നത്. പൊതു കടം നിയന്ത്രക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ നിന്നും ആര്‍ ബി ഐ ഗവര്‍ണറെ നീക്കാനായിരുന്നു ജെയ്റ്റ്‌ലി പരിപാടിയിട്ടത്. കഴിഞ്ഞയാഴ്ച തന്നെ ഇതിനുള്ള നീക്കങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ മോദിയില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ജെയ്റ്റ്‌ലി തന്റെ നീക്കം അപ്പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഒന്ന്, നിര്‍ണായക വിഷയങ്ങളില്‍ മോദിയും മന്ത്രിസഭാംഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. രണ്ട്, രഘുറാം രാജന് മോദിക്ക് മേല്‍ അജ്ഞാതമായ സ്വാധീനമുണ്ട്. ഈ വിഷയത്തില്‍ മോദി ഇടപെട്ടുവെന്ന് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രഘുറാം രാജനെക്കുറിച്ച് ബി ജെ പിക്കും ജെയ്റ്റ്‌ലിക്കും കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നതാണ് സത്യം. പലിശ നിരക്ക് കുറക്കാന്‍ ആര്‍ ബി ഐ തയ്യാറാകുന്നില്ലെന്നതാണ് പ്രധാന പരാതി. ഏറ്റവും ഒടുവില്‍ വന്ന വായ്പാ നയത്തിലും പ്രധാന നിരക്കുകള്‍ വ്യത്യാസപ്പെടുത്താന്‍ രഘുറാം രാജന്‍ തയ്യാറായിരുന്നില്ല. പലിശ കുറച്ച് വളര്‍ച്ച ത്വരിതപ്പെടുത്താമെന്ന തത്വം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് രാജനും സംഘവും. മാത്രമല്ല മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പേരില്‍ കയറ്റുമതിയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ നിലപാടുകള്‍ക്കെതിരെ ജെയ്റ്റ്‌ലി പരസ്യമായി രംഗത്ത് വന്നിരുന്നു. അത്തരമൊരാളെ മോദി പിന്തുണക്കുന്നതാണ് അത്ഭുതകരമായിട്ടുള്ളതെന്ന് ചില ബി ജെ പി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസോ ധനമന്ത്രാലയമോ തയ്യാറായിട്ടില്ല.
ഐ എം എഫിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന രാജന്റെ പ്രവൃത്തി പരിചയവും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലുള്ള സ്വാധീനവും തന്നെയാകാം മോദിയുടെ മനംമാറ്റത്തിന് പിന്നിലെ കാരണമെന്ന് വിലയിരുത്തന്നുവരുമുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ രാജന് മേല്‍ പ്രശംസ ചൊരിഞ്ഞു കൊണ്ട് മോദി പറഞ്ഞത്, സങ്കീര്‍ണമായ സാമ്പത്തിക പ്രശ്‌നങ്ങളെ പരിപൂര്‍ണതയോടെ വിശദീകരിക്കാന്‍ കഴിവുള്ളയാളെന്നായിരുന്നു.
ആര്‍ ബി ഐയുടെ അധികാരപരിധി കുറക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം പിന്‍വലിക്കേണ്ടി വന്നത് ആര്‍ ബി ഐ ഗവര്‍ണറുടെ സ്വാധീനത്തിനുള്ള തെളിവാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ കില്‍ബിന്ദര്‍ ദോസാന്‍ജ് പറഞ്ഞു. ആര്‍ ബി ഐയെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുമ്പോള്‍ സര്‍ക്കാര്‍ അങ്ങേയറ്റത്തെ അവധാനത കാണിക്കണമെന്ന് ആര്‍ ബി ഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ ഇന്ദിരാ രാജരമണന്‍ പറഞ്ഞു.
അതേസമയം, തന്റെ ഉദ്യമം പൂര്‍ണമായി ഉപേക്ഷിക്കാന്‍ ജെയ്റ്റ്‌ലി സന്നദ്ധമാകില്ലെന്നാണ് അറിയുന്നത്. ആര്‍ ബി ഐയുടെ പണ അധികാരങ്ങള്‍ കുറച്ച് കൊണ്ടുവരണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കും.