Kerala
ഉംറ വിസയില്‍ 10,000 രൂപയുടെ വര്‍ധന

മലപ്പുറം: ഉംറ വിസ സ്റ്റാമ്പിംഗില്‍ 10,000 രൂപയുടെ വര്‍ധന. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വര്‍ധനവ് മൂലം റജബ് ഒന്ന് (കഴിഞ്ഞ മാസം 20) മുതല്‍ ഉംറ വിസ അടിക്കുന്നത് സഊദി അറേബ്യ നിര്‍ത്തിവെച്ചിരുന്നു.
ട്രാവല്‍സുകള്‍ക്ക് ഉംറക്കുള്ള അനുമതി പത്രം അനുവദിക്കുന്നതാണ് നിര്‍ത്തിയിരുത്. സഊദിയിലെ ഉംറ ഏജന്‍സികള്‍ക്ക് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ ഇവിടെയുള്ള ട്രാവല്‍സുകള്‍ മുഖേനയാണ് കൈമാറുക. തുടര്‍ന്ന് സൗദി കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട് അനുമതിപത്രത്തോടൊപ്പം ഏജന്‍സികള്‍ സമര്‍പ്പിച്ചാണ് വിസ സ്റ്റാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പുനരാരംഭിച്ചത്. 5000 മുതല്‍ 6500 രൂപവരെയുണ്ടായിരുന്ന സ്റ്റാമ്പിംഗിന് 16,000 മുതല്‍ 18,000 രൂപവരെയാണ് വര്‍ധിച്ചത്.
മുന്നറിയിപ്പില്ലാതെ പെട്ടന്ന് സ്റ്റാമ്പിംഗ് നിര്‍ത്തിയത് ഉംറ തീര്‍ഥാടകര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രയാസമുണ്ടാക്കിയിരുന്നു. പെട്ടന്നുള്ള ചാര്‍ജ് വര്‍ധന ട്രാവല്‍ ഏജന്‍സികള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കിയേക്കും. നിലവില്‍ 62,000 മുതല്‍ 67,000 രൂപ വരെയുള്ള വിവിധ പാക്കേജുകളില്‍ ഉംറക്ക് പോകാന്‍ തയ്യാറായ തീര്‍ഥാടകരില്‍ നിന്ന് 72,000 മുതല്‍ 77,000 രൂപവരെ ഈടാക്കേണ്ടിവരും. പെട്ടന്നുള്ള ഈ വര്‍ധനവ് തീര്‍ഥാടകരെ ഏറെ പ്രയാസത്തിലാക്കിയേക്കും.
ഉംറ വിസയുടെ കാലാവധി നിലവില്‍ 15 ദിവസമായിരുന്നെങ്കിലും നിയമം അത്രകര്‍ക്കഷമല്ലാത്തതിനാല്‍ മിക്ക ട്രാവല്‍ ഏജന്‍സികളും ഒരു മാസത്തേക്ക് ഉംറ വിസ അടിച്ചിരുന്നു. എന്നാല്‍, ഇത്തവണ നിയമം ശക്തമാക്കിയതിനാല്‍ ഒരുമാസത്തേക്ക് വിസ അടിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ഹജ്ജ് ആന്‍ഡ് ഉംറ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സൗദി അറേബ്യയിലുള്ള ഉംറ ഏജന്‍സികളുടെ അറിയിപ്പ് നേരത്തെ സംസ്ഥാനത്തെ ഉംറ സര്‍വീസ് നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് ലഭിച്ചിരുന്നു. ഒമ്പത് ദിവസം മക്ക, നാല് ദിവസം മദീന, രണ്ട് ദിവസം യാത്ര എന്നിങ്ങനെയാണ് 15 ദിവസമായി നിശ്ചയിച്ചിരിക്കുന്നത്.