Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പ്: ഒന്നര കോടി പിടിച്ചെടുത്തു

Published

|

Last Updated

കൊച്ചി: വന്‍തുക വാങ്ങി കുവൈത്തിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മാത്യു ഇന്റര്‍നാഷനലിനെതിരെ സി ബി ഐ കേസ് എടുക്കും.
പിടിച്ചെടുത്ത രേഖകളില്‍ സ്ഥാപനം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുമെന്നു സി ബി ഐ എസ് പി വി കെ കൃഷ്ണകുമാര്‍ അറിയിച്ചു. ഇവര്‍ നടത്തിയ കള്ളപ്പണ ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്യു ഇന്റര്‍നാഷനലിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എ അഡോള്‍ഫസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ഇതേക്കുറിച്ച് സി ബി ഐ വിശദമായ അന്വേഷണം നടത്തും.
മരടിലെ ഷോപ്പിംഗ് മാളിന്റെ പരിസരത്തു കാറില്‍ നിന്നും പിടിച്ചെടുത്ത 75 ലക്ഷം ഉള്‍പ്പെടെ 1.70 കോടി രൂപയാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കുന്നത്. ചിലവന്നൂരിലെ ഒരു ഫഌറ്റില്‍ നിന്നാണ് ഒരു കോടിയോളം രൂപ പിടിച്ചെടുത്തത്. മാത്യു ഇന്റര്‍നാഷനലിന്റെ ഉടമയുടേതാണ് ഈ ഫഌറ്റ് എന്നാണ് സൂചന. താമസത്തിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഈ ഫഌറ്റ് ഉപയോഗിച്ചിരുന്നു.
മാത്യൂ ഇന്റര്‍നാഷനലിന്റെ പാലാരിവട്ടം, ചങ്ങനാശേരി, ബംഗലൂരു ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സ്ഥാപനം നടത്തിയ പണമിടപാടുകളുടെ രേഖകളും വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ചു വരികയാണെന്ന് ആദായനികുതി വകുപ്പ് കൊച്ചി ഡയറക്ടര്‍ ജനറല്‍ പി ആര്‍ രവികുമാര്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെയും സി ബിഐ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ കുറച്ച് ദിവസമായി ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഈ സ്ഥാപനം. ഇതു മനസ്സിലാക്കിയാണ് നടത്തിപ്പുകാര്‍ സ്ഥാപനത്തിന്റെ പുറത്തുവെച്ചു പണം സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ സ്വീകരിച്ച പണമാകാം കാറില്‍ നിന്നും ഫഌറ്റില്‍ നിന്നും ലഭിച്ചതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. കാറില്‍ നിന്നും പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെയും കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏജന്‍സി ഓഫീസിലെ പണമാണിതെന്ന് ഇവര്‍ സമ്മതിച്ചു.
കൊച്ചി ആസ്ഥാനമാക്കി വമ്പന്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ അല്‍സറഫ ഏജന്‍സിക്കെതിരായ സി ബി ഐ കേസ് പുരോഗമിക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ മറ്റൊരു സ്ഥാപനത്തിനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടി.
2014 ഡിസംബറില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കു നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ച അല്‍സറഫ ഉള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടതാണു മാത്യു ഇന്റര്‍നാഷനല്‍. കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍നിന്ന് ഈടാക്കാവുന്ന 19,500 രൂപക്കു പകരം 20 ലക്ഷം രൂപവരെ ഏജന്‍സികള്‍ ഈടാക്കിയതായാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. 400 നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനാണു സ്ഥാപനത്തിന് കരാറുണ്ടായിരുന്നത്. ഇവരില്‍ മുന്നൂറിലധികം പേര്‍ ഇതിനകം കുവൈത്തിലെത്തിയിട്ടുണ്ട്.
ജോലിക്കായി ഭീമമായ തുക നല്‍കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ബാച്ച് മറ്റന്നാള്‍ പുറപ്പെടാനിരിക്കെയാണ് സ്ഥാപനത്തിനെതിരായ ആദായനികുതി വകുപ്പിന്റെ നടപടി. ഏജന്‍സിക്കെതിരായ നടപടിയറിഞ്ഞ് പണം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ കൊച്ചിയിലെ ആദായ നികുതി വകുപ്പ് ആസ്ഥാനത്തെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

---- facebook comment plugin here -----

Latest