എം വി ദേവന്റെ പേരിലുള്ള ആദ്യത്തെ കലാഗ്രാമം യാഥാര്‍ഥ്യമാവുന്നു

Posted on: April 28, 2015 5:01 am | Last updated: April 29, 2015 at 11:05 pm

devanകൊല്ലം: ചിത്രകലാ പ്രതിഭയും പ്രശസ്ത വാസ്തുശില്‍പിയും എഴുത്തുകാരനുമായ എം വി ദേവന്റെ സ്മരണ നിലനിര്‍ത്താന്‍ ദേവന്റെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ കലാഗ്രാമം കൊല്ലം ജില്ലയിലെ പള്ളിമണ്ണില്‍ യാഥാര്‍ഥ്യമാവുന്നു. ദേവന്റെ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിന് രൂപവത്കരിച്ച എം വി ദേവന്‍ ഫൗണ്ടേഷനാണ് കലാഗ്രാമം യാഥാര്‍ഥ്യമാക്കുന്നത്.

ദേവന്റെ ശിഷ്യഗണങ്ങളും കുടുംബാംഗങ്ങളും മറ്റും ചേര്‍ന്ന് രൂപവത്കരിച്ചതാണ് എം വി ദേവന്‍ ഫൗണ്ടേഷന്‍. പള്ളിമണ്‍ ഗ്രാമത്തിലെ പ്രകൃതിയുടെ തനിമ നിറഞ്ഞുനില്‍ക്കുന്ന ഹരിതാഭമായ സ്ഥലത്താണ് കലാഗ്രാമത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സാംസ്‌കാരിക- സാഹിത്യ സമ്മേളനങ്ങള്‍ ചേരാനും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകള്‍ നടത്താനുമായി 1600 ചതുരശ്ര അടി വിസ്തൃതിയുള്ള ചിത്രമണ്ഡപത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായതായി എം വി ദേവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി യു സുരേഷ് പറഞ്ഞു. ചിത്ര- ശില്‍പ- വാസ്തു വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ശിഷ്യരും ആരാധകരും ചേര്‍ന്നൊരുക്കുന്ന ചിത്രമണ്ഡപം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇന്ത്യയുടെ ശില്‍പ- ചിത്ര സംസ്‌കാരത്തിന്റെ ലാവണ്യ ദര്‍ശനമാണ് ചിത്രമണ്ഡപത്തിലെത്തുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാവുന്നത്. ചിത്രകാരന്മാര്‍ക്ക് താമസിക്കാനും ചിത്രങ്ങള്‍ വരക്കാനും ഇവിടെ സൗകര്യമൊരുക്കും. . അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ക്കും ക്ലാസുകള്‍ക്കും എട്ട് ഏക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തും. ചിത്ര- ശില്‍പകല, ഫോട്ടോഗ്രാഫി, വിഷ്വല്‍മീഡിയ, ജേര്‍ണലിസം കോഴ്‌സുകളും സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന അക്കാദമിയും എം വി ദേവന്‍ സ്മാരക ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നുണ്ട്. ചിത്രകാരന്മാരായ വി എസ് ഗിരീഷ്, സുരേഷ് സിദ്ധാര്‍ഥ, ആശ്രാമം സന്തോഷ്, തോമസ് ആന്റണി, കൊല്ലം ശ്യാംലാല്‍ എന്നിവരാണ് കലാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.