മാനദണ്ഡമില്ലാതെ വര്‍ധിപ്പിച്ച ഭൂ നികുതി കുറക്കണം: സി പി ഐ

Posted on: April 27, 2015 5:31 am | Last updated: April 26, 2015 at 10:32 pm

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ഒരു മാനദണ്ഡവുമില്ലാതെ വര്‍ധിപ്പിച്ച ഭൂ നികുതി പിന്‍വലിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നൂറ് മുതല്‍ 200 ശതമാനം വരെയാണ് ഭൂമിയുടെ നികുതി പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ വ്യത്യാസമില്ലാതെ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചിട്ടുള്ളത്.
കോഴയിടപാടില്‍ മന്ത്രിസഭ തന്നെ ആടിയുലയുന്ന ഘട്ടത്തില്‍ ഇതിന്റെ മറപിടിച്ചാണ് വര്‍ധനവ് നടപ്പാക്കിയിട്ടുള്ളത്. സത്യപ്രതിജ്ഞാ ലംഘനം വളരെ പ്രകടമായി നടത്തിയും കോഴ വാങ്ങുന്നതില്‍ മന്ത്രിമാര്‍ തമ്മില്‍ മല്‍സരിച്ചും കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഭരണമെന്ന ദുര്‍ഖ്യാതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. രാജ്യത്ത് ഭരണതലത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറ്റി. ജനങ്ങള്‍ വെറുക്കുകയും ശ്വാസം തന്നെ ഏറെക്കുറെ നിലയ്ക്കുകയും ചെയ്ത ഈ സര്‍ക്കാര്‍ ഭരണത്തില്‍ വിവിധ വകുപ്പുകളും ഓഫീസുകളും അഴിമതിയുടെയും കൈക്കൂലിയുടെയും പിടിയിലമര്‍ന്നു.
ഇനിയും എന്തിന് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നുവെന്നാണ് ഭരണ മുന്നണിയിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ പോലും പരസ്യമായി ചോദിക്കുന്നത്. ഈ അവസ്ഥയിലും അധികാരം വിട്ടൊഴിയാതെ ജനങ്ങള്‍ക്ക് ഭാരമായി തീര്‍ന്നിട്ടുള്ള യു ഡി എഫ് സര്‍ക്കാറിന് എതിരായ പ്രക്ഷോഭം പ്രാദേശിക തലത്തിലും ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വേണ്ടി കര്‍ഷകരെയും സാധാരണക്കാരെയും തെരുവാധാരമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് എതിരെ മെയ് 14ന് കല്‍പറ്റയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധിച്ചുകൊണ്ട് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. എസ് ജി സുകുമാരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.