കുട്ടികള്‍ എവിടെ പഠിക്കണം, ആരു പഠിപ്പിക്കണം?

Posted on: April 23, 2015 5:09 am | Last updated: April 22, 2015 at 9:12 pm

schoolലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാം തരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്. സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും സുഷീല്‍ ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്റെ മകന് നേരെ തിരിച്ചുമാണ് ആഗ്രഹം. അച്ഛനെപോലെ വലിയവനായിരുന്നെങ്കില്‍ സ്‌കൂളിലൊന്നും പോകേണ്ടല്ലോ എന്നാണ് ആ കുട്ടി ചിന്തിക്കുന്നത്. ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ കുട്ടികളായിരുന്ന എല്ലാവരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടായിരിക്കാം. കാലവും കാര്യങ്ങളുമൊക്കെ എത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും നമ്മുടെ വിദ്യാലയങ്ങയോടുള്ള ഒരു തരം അതൃപ്തി മാറിയിട്ടില്ല.
ഒരു കുട്ടിയുടെ സ്‌കൂളിലേക്കുള്ള പോക്കും വരവും ശ്രദ്ധിച്ചാല്‍ നമുക്ക് ഈ സത്യം ബോധ്യമാകും. വലിയ ഉത്സാഹമൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി പോകുന്ന കുട്ടി തിരിച്ചുവരുമ്പോള്‍ വലിയ സന്തോഷത്തിലാണ്. എല്ലാ സ്‌കൂളുകള്‍ക്കും ബസ് സൗകര്യങ്ങളൊക്കെ ആയ ഇക്കാലത്ത് ഓടിയും ചാടിയും ചെളിയില്‍ കളിച്ചും പക്ഷികളോടും ചെടികളോടും കിന്നാരം പറയാനുമൊക്കെയുള്ള സാഹചര്യമൊന്നുമില്ല. സ്‌കൂളിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ സന്തോഷത്തിലാണ് കുട്ടികള്‍ തിരിച്ചുവരുന്നത്. സ്‌കൂള്‍ വിടാന്‍ നേരം ദേശീയ ഗാനം അവസാനിക്കും മുമ്പെ സീറ്റില്‍ നിന്ന് ഓടാന്‍ ശ്രമിക്കുന്ന കുട്ടികളെ നിയന്ത്രിക്കല്‍ അധ്യാപകര്‍ക്ക് ഇന്നും അല്‍പ്പം പ്രയാസമാണ്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സ്‌കൂളിനോട് ഇന്നും വലിയ താത്പര്യം തോന്നാത്തത്?
എന്താണ് സ്‌കൂള്‍?
പ്രാചീന ലാറ്റിന്‍ പദം സ്‌കോള (ടരവീഹമ) അഥവാ വിശ്രമം എന്ന അര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് സ്‌കൂള്‍ എന്ന പദത്തിന്റെ ഉത്ഭവം.
സ്‌കൂളിനെ വിശ്രമത്തിനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കാം. ഉത്സാഹം എന്നാണ് സ്റ്റഡിയ എന്ന ഗ്രീക്ക് പദത്തിന്റെയും അര്‍ഥം. നിര്‍ഭാഗ്യവശാല്‍ ഈ പദങ്ങളുടെ അര്‍ഥം വ്യക്തമാക്കുന്ന രീതികള്‍ സ്‌കൂളുകളില്‍ നിന്ന് കാണുന്നില്ല.എന്താണ് വിശ്രമ വേള? ചുമതലപ്പെട്ട പണി ഒഴിവാക്കിക്കിട്ടിയ സമയമാണിത്. ശരീരവും മനസ്സും സ്വസ്ഥമായിരിക്കുന്ന ഇത്തരം അന്തരീക്ഷത്തിലാണ് മനുഷ്യനില്‍ സൃഷ്ടിപരമായ സങ്കല്‍പ്പങ്ങള്‍ തേടിയെത്തുന്നത്.
ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരും അവരുടെ വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയത് അവരുടെ വിശ്രമ വേളകളിലാണ്. ഒരു ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്കുള്ള കണ്ടുപിടിത്തങ്ങളുടെ വഴി തുടക്കം കുറിച്ചതെന്ന കാര്യം നമ്മള്‍ ചെറിയ ക്ലാസുകളില്‍ വായിച്ചതാണല്ലോ. ആപ്പിള്‍ കമ്പനിയുടെ സി ഇ ഒ ആയിരുന്ന സ്റ്റീവ് ജോബ്‌സ് തന്റെ പ്രധാന തീരുമാനങ്ങള്‍ എടുക്കും മുമ്പ് വിശ്രമിക്കുകയും അല്‍പ്പം നടക്കാന്‍ പോകുകയും ചെയ്യുമായിരുന്നു.
പഠനത്തിനുള്ള വേദി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്‌കൂളുകള്‍ എന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്. പഠനം പ്രധാനം തന്നെ. കുട്ടികളുടെ പൊതുവായ മാനസിക വളര്‍ച്ചയുടെ വേദികൂടിയാണ് സ്‌കൂളുകള്‍. ഒരു കുട്ടി വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ മണിക്കൂറുകളാണ് വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ പത്ത് മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് നാല് വരെ അവന്‍ സ്‌കൂളില്‍ അവന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പമാണ്.നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി കുട്ടികള്‍ സ്‌കൂളിനകത്തും പൂര്‍ണമായി സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
ശിശുസൗഹൃദമാകണം
കുട്ടികള്‍ക്ക് പ്രിയങ്കരമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സ്‌കൂളിന്റെ പുറത്ത് കുറെ ചിത്രങ്ങള്‍ വരച്ച് നിറം കൊടുത്തത് കൊണ്ട് വിദ്യാലയം ശിശുസൗഹൃദമാണെന്ന് പറയാനാകില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ വിശ്രമവേളകള്‍ ലഭിക്കണം. നിറഞ്ഞുനില്‍ക്കുന്ന പീരിയഡുകള്‍ക്കിടയില്‍ വിശ്രമിക്കാന്‍ അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ അവര്‍ക്കായി നാം കണ്ടെത്തണം. ദൗര്‍ഭാഗ്യവശാല്‍ ആശുപത്രിക്ക് സമാനമായ കെട്ടിടമുള്ള സ്‌കൂളുകളും നമ്മുടെ നാട്ടില്‍ വരുന്നുണ്ട്.
ജപ്പാനിലെ തെത്സുകൊകുറോയ നാഗിയുടെ ലോക പ്രശസ്ത കൃതിയാണ് ‘ടോട്ടോച്ചാന്‍’.അല്‍പം കുസൃതി നിറഞ്ഞ ടോട്ടോച്ചാന്‍ എന്ന കുട്ടിയുടെ സ്‌കൂള്‍ ജിവിതമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്. അല്‍പം വികൃതിത്തരം കാണിക്കുന്ന ടോട്ടോച്ചാന്‍ എന്ന കുട്ടിയെ പല സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. ഒടുവില്‍ അവള്‍ ടോമോ എന്ന സ്‌കൂളിലെത്തുന്നു. അവിടത്തെ പ്രധാനധ്യാപകനെ അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. പേര് കോബയാക്ഷി മാസ്റ്റര്‍.
തീവണ്ടിബോഗി പോലുള്ള ക്ലാസ് മുറികള്‍, എല്ലാവരുമൊത്തൊരുമിച്ചുള്ള ഭക്ഷണ രീതികള്‍, നീന്തല്‍കുളങ്ങള്‍, അധ്യാപകരുടെ പെരുമാറ്റം തുടങ്ങിയവയാണ് അവള്‍ക്ക് ഏറെ പ്രിയങ്കരമായത്. ഒന്നാം ക്ലാസുകാരിയായ അവള്‍ മണിക്കൂറുകളോളം തന്റെ പ്രധാനധ്യാപകനോട് കുസൃതിക്കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഏറെ രസകരമായിട്ടാണ് ടോട്ടോച്ചാന്‍ എന്ന പുസ്തകത്തില്‍ വര്‍ണിച്ചിട്ടുള്ളത്.
സ്വതന്ത്രമായി കളികളിലേര്‍പ്പെടാന്‍ സൗകര്യപ്പെടുന്ന തലത്തില്‍ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമബന്ധമായി നടത്തുന്ന സ്‌കൂളുകള്‍ നമ്മുടെ കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും. അതോടൊപ്പം കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അധ്യാപകരുടെ പരിചയവും അധ്യാപക-വിദ്യാര്‍ഥി ബന്ധവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികളുടെ പഠന കാര്യത്തില്‍ രക്ഷിതാക്കള്‍ ക്രിയാത്മകമായി ഇടപെടുന്നു എന്നത് സ്വാഗതാര്‍ഹമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലും മദ്‌റസ പഠനത്തിലുമെല്ലാം ഇത്തരത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകളും മാര്‍ഗനിര്‍ദേശവും സജീവമാകണം.
അധ്യാപകരുടെ പങ്ക്
കുട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകന്റെ പങ്ക് നിസ്തുലമാണ്. ലോകത്തെ നിരവധി മഹാന്മാരുടെ വളര്‍ച്ചക്ക് പ്രചോദനം നല്‍കിയതും അവരുടെ അധ്യാപകരാണ്. ഹെലന്‍ കെല്ലറുടെ ജീവിതം അതാണ് പറയുന്നത്.ജന്മനാ അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലറെ പഠിപ്പിക്കുകയെന്ന കാര്യം ഓര്‍ത്തു നോക്കൂ. കാണിച്ചു കൊടുത്ത് ഒരു കാര്യം പഠിപ്പിക്കാന്‍ സാധിക്കില്ല. പറഞ്ഞാല്‍ കേള്‍ക്കാനുള്ള കേള്‍വി ശേഷിയില്ല. അങ്ങനത്തെ ഹെലന്‍ കെല്ലറെയാണ് അവരുടെ പ്രിയ അധ്യാപിക ആന്നി സള്ളിവന്‍ കൈയില്‍ തൊട്ടെഴുതി പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ ഹെലന്‍ പിന്നീട് ഇങ്ങിനെ എഴുതി. എനിക്ക് ദൈവം മൂന്ന് ദിവസത്തെ കാഴ്ച ശേഷി തന്നാല്‍ ഞാന്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് എന്താണന്നറിയോ? സംശയമില്ല. അത് എന്റെ പ്രിയ ടീച്ചറുടെ മുഖമായിരിക്കും. അധ്യാപകര്‍ ഒന്ന് സ്വയം ചോദിക്കുക. താന്‍ പഠിപ്പിച്ച ഏതെങ്കിലും കുട്ടി ഇങ്ങനെ പ്രതികരിക്കുമോ? കുട്ടികള്‍ക്ക് നമ്മോട് എത്ര സ്‌നേഹമുണ്ട്?
ചെറുപ്പകാലത്ത് മഠയന്മാരെന്ന് മുദ്രകുത്തിയ നിരവധിപേര്‍ പില്‍ക്കാലത്ത് വിപ്ലവപരമായ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കാളിദാസന്‍, സര്‍ ഐസക് ന്യൂട്ടണ്‍, ചാള്‍സ് ഡാര്‍വിന്‍, ഗണിത ശാസ്ത്രജ്ഞനായ രാമാനുജനെല്ലാം ഇതിനുദാരഹണങ്ങളാണ്. ഇവരുടെയെല്ലാം വളര്‍ച്ചയില്‍ ഏറെ പ്രചോദനമായത് അവരുടെ അധ്യാപകരായിരുന്നു.
അധ്യാപകന് വേണ്ട ഗുണങ്ങള്‍
അധ്യാപകന്‍ യഥാര്‍ഥത്തില്‍ ആരായിരിക്കണം എന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ പല കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. നല്ല അധ്യാപകനു പ്രധാനമായും വേണ്ടതു നാല് ഗുണങ്ങളാണ്. സൃഷ്ടിപരത (ക്രിയേറ്റിവിറ്റി), പരിചിന്തനശേഷി (റിഫഌക്ടീവ്‌നസ്സ്), നൂതനത്വം (ഇന്നൊവേറ്റീവ്) സൂക്ഷ്മബോധം (സെന്‍സിറ്റീവ്‌നസ്സ്) എന്നിവയാണവ. കുട്ടികളുടെ പ്രശ്‌നങ്ങളുടെ പരിഹാരകനാകുക, അധ്യാപനത്തോടുള്ള അടങ്ങാത്ത ആവേശം, വിദ്യാര്‍ഥി കേന്ദ്രീകൃത ക്ലാസ് അന്തരീക്ഷം, വിഷയത്തിനും കുട്ടികള്‍ക്കും അവസ്ഥക്കും അനുസരിച്ച് വ്യത്യസ്തങ്ങളായ അധ്യാപന രീതികളുടെ ഉപയോഗം, കുട്ടികള്‍ക്ക് തുറന്ന് സമീപിക്കാന്‍ പറ്റിയ വ്യക്തിയായി മാറുക, എല്ലാ കുട്ടികളുടെയും കഴിവുകളെ അംഗീകരിക്കല്‍, അധ്യാപകവൃത്തിയോടുള്ള ആത്മാര്‍ഥത, കാര്യക്ഷമമായ ആശയവിനിമയം, കുട്ടികള്‍ക്ക് നല്ല പഠനാന്തരീക്ഷമൊരുക്കല്‍, സര്‍ഗാത്മകത, വിദ്യാര്‍ഥികളുടെ ഇടപെടലുകള്‍ക്ക് ക്ലാസില്‍ സ്വാതന്ത്ര്യം, വിദ്യാര്‍ഥികളെ കേള്‍വിക്കാരാക്കി മാത്രം ബോറടിപ്പിക്കാതിരിക്കല്‍, ചോദ്യതന്ത്രങ്ങളിലൂടെ ലക്ചറിംഗ് ക്ലാസുകള്‍ സജീവമാക്കല്‍, വിദ്യാര്‍ഥികളുടെ ഹോം വര്‍ക്കുകളും അസൈന്‍മെന്റുകളും യഥാസമയം മൂല്യനിര്‍ണയം ചെയ്യല്‍, തെറ്റുകളെ ചൂണ്ടിക്കാണിച്ച് ശരിയാക്കാനുള്ള ശ്രമം, ക്ലാസ് പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാന്‍ വിദ്യാര്‍ഥികളില്‍ നിന്ന് അഭിപ്രായം തേടല്‍, ആശയങ്ങള്‍ മനസ്സിലാക്കാന്‍ പ്രായോഗിഗമായ ഉദാഹണ ജോലികള്‍ നല്‍കല്‍, നല്ല അക്കാദമിക യോഗ്യതകള്‍, എപ്പോഴും പുതുമ നിറഞ്ഞവനാകല്‍, വിദ്യാര്‍ഥികള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നല്ല ബന്ധം സ്ഥാപിക്കുക, രക്ഷിതാക്കളുമായി നല്ല ബന്ധം, നീണ്ടകാല പഠിതാവാകല്‍, കൃത്യതയും അച്ചടക്കവും സ്വയം ജീവിതത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാണിച്ചുകൊടുക്കല്‍, എല്ലാ ക്ലാസുകള്‍ക്ക് വേണ്ടിയും നന്നായി തയ്യാറാകല്‍, വിദ്യാര്‍ഥികള്‍ക്ക് റോള്‍മോഡലായി പ്രവര്‍ത്തിക്കുക, തമാശ പറയാനുള്ള കഴിവ്, ലളിതമായ ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി, അധികമായി ലഭിക്കുന്ന സമയം വിദ്യാര്‍ഥികളുമായി പങ്കിടല്‍, നല്ല ടീച്ചിംഗ് സഹായ സാമഗ്രികളുടെ ഉപയോഗം, തന്റെ രീതികളെ കുറിച്ച് കുട്ടികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടല്‍ തുടങ്ങിയവ എല്ലാം ഒരു നല്ല അധ്യാപകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.
മേല്‍പറഞ്ഞ എല്ലാം തികഞ്ഞ അധ്യാപകര്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇത് നേടിയെടുക്കാന്‍ സാധിക്കാത്തതുമല്ല. ഇവയെല്ലാം അധ്യാപക പരിശീലന ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നവയല്ല. നിരന്തരമായ ശ്രമങ്ങളിലൂടെ സ്വയം മിനുക്കിയെടുക്കേണ്ടവയാണിവ. ധാരാളം അറിവുള്ളതുകൊണ്ട് ഒരാള്‍ നല്ല അധ്യാപകന്‍ ആയിക്കോളണം എന്നുമില്ല.
രക്ഷിതാക്കള്‍ക്ക് നിരവധി പരിമിതികളുണ്ട്.അറിവിന്റെ കാര്യത്തിലും അനുഭവങ്ങളുടെ കാര്യത്തിലുമെല്ലാം ഇത് പ്രകടമാണ്. രക്ഷിതാക്കളുടെ ഈ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ്; പ്രത്യേകിച്ച് അണുകുടുംബങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്. കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അധ്യാപകന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കണം. എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അത് തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും വേണം. കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന മാതാവും പിതാവുമെല്ലാമായി നമ്മുടെ അധ്യാപകര്‍ മാറണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോഴാണു നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല വിദ്യാലയങ്ങളില്‍ നിന്നാണു നല്ല സമൂഹം ഉയിരെടുക്കുന്നത്.