മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി; 700 പേര്‍ മരിച്ചതായി സംശയം

Posted on: April 19, 2015 2:53 pm | Last updated: April 19, 2015 at 11:15 pm

italiyan boat

റോം: ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി എഴുനൂറിലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്ത് ശനിയാഴ്ച രാത്രിയാണ് ബോട്ട് മുങ്ങിയത്.
ബോട്ടിലുണ്ടായിരുന്ന 24 പേരെ രക്ഷപ്പെടുത്തി. 24 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലിബിയന്‍ തീരത്ത് നിന്ന് ഏകദേശം എഴുപത് മൈല്‍ അകലെ ഇറ്റാലിയന്‍ ദ്വീപ് ആയ ലംബേഡുസക്ക് തെക്ക് ഭാഗത്താണ് ബോട്ട് മുങ്ങിയതെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇറ്റാലിയന്‍ തീരദേശ സേനയുടെ കപ്പലുകളും വാണിജ്യ കപ്പലുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ഇരുപത് കപ്പലുകളും മൂന്ന് ഹെലിക്കോപ്റ്ററുകളുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. ഇറ്റാലിയന്‍ തീരദേശ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സമീപത്ത് കൂടി ചരക്ക് കപ്പല്‍ കടന്നുപോയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ഒരു വശത്തേക്ക് മാറിയതാണ് ബോട്ട് മുങ്ങാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ദാരിദ്ര്യം, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ ആഫ്രിക്കയിലെ സഹാറ മേഖലയില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറേപ്പിലേക്കുള്ള കുടിയേറ്റം സാധാരണമാണ്. കുടിയേറ്റക്കാരെ കുത്തിനിറച്ച് പോകുന്ന ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ തകരുന്നതും പതിവാണ്. ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി മരിക്കുന്നവരുടെ എണ്ണം 1500 കവിയും. കഴിഞ്ഞ ആഴ്ച ഇറ്റലിയുടെ തീരത്ത് ബോട്ട് മുങ്ങി ലിബിയയില്‍ നിന്നുള്ള നാനൂറ് കുടിയേറ്റക്കാര്‍ മരിച്ചിരുന്നു.