Connect with us

Articles

നിര്‍ത്താന്‍ സമയമായി, ബാലിശമായ തര്‍ക്കങ്ങള്‍

Published

|

Last Updated

സാമ്പത്തികം എന്ന അടിത്തറ, സാംസ്‌കാരികജീവിതം എന്ന മേല്‍ത്തട്ട് എന്നിങ്ങനെ വെള്ളം കയറാതെ വേര്‍തിരിക്കപ്പെട്ട രണ്ട് മേഖലകളായി മനുഷ്യന്റെ സാമൂഹികജീവിതം വേര്‍തിരിച്ചിരിക്കുന്നു എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായി മാര്‍ക്‌സ് എംഗല്‍സ് കൂട്ടുകെട്ട് ഉത്പാദിപ്പിച്ച ഒരു പാഠമാണ്. ഇതിനെ വേദവാക്യമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇതവരെ കൊണ്ടെത്തിച്ച പ്രതിസന്ധികളെ പല നവമാര്‍ക്‌സിസ്റ്റ് നിരൂപകന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സാമ്പത്തികവും വര്‍ഗപരവുമായ വിശകലനത്തിലൂടെ മാത്രം സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചതുകൊണ്ട് ആര്‍ എസ് എസ് പോലുള്ള മത ജാതി വര്‍ഗീയകക്ഷികള്‍ സാംസ്‌കാരികമേഖലകളില്‍ ഫലപ്രദമായി ഇടപെടുന്നതിനെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു കഴിയാതെ പോയി. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഘര്‍വാപസി മുതല്‍ ഗോവധനിരോധം വരെയുള്ള പ്രചരണതന്ത്രങ്ങളും ഇന്ത്യന്‍ മനസ്സിന്റെ ദൗര്‍ബല്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചൂണ്ടകളാണ്. ഇതാ മാംസനിരോധനവും വരുന്നു. ഇതൊക്കെ എന്തോ വലിയ കാര്യങ്ങളാണെന്ന പൊതുബോധത്തെ അനുകൂലമാക്കി മുതലെടുക്കുക മാത്രമാണിതിന്റെ ഒക്കെ ലക്ഷ്യം.
ഈ സാഹചര്യത്തിലാണ് ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം (പുസ്തകം ഈ ലേഖകന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രൊഫ. എം എന്‍ വിജയന്റെ അനുബന്ധ പഠനത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്-ഒലീവ്, കോഴിക്കോട് ) എഴുതിയ വില്‍ഹം റീഹിനെപ്പോലുള്ളവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം ദൗര്‍ബല്യങ്ങളെ വിമര്‍ശനവിഷയമാക്കിയത്. മാര്‍ക്‌സിന് ശേഷം പ്രത്യക്ഷപ്പെട്ട മാര്‍ക്‌സിസ്റ്റ് നിരൂപകരെ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവില്‍ അവഗണിച്ചു തള്ളുകയായിരുന്നു. സാംസ്‌കാരിക മേഖലയോടും പ്രത്യേകിച്ചും മനഃശാസ്ത്രം, മതം, സാമൂഹികശാസ്ത്രത്തിലെ പുതിയ വഴിതിരിയലുകള്‍, ലൈംഗികത, സ്ത്രീപുരുഷബന്ധം, കുടുംബസങ്കല്‍പത്തിലെ പരിണാമഭേദങ്ങള്‍ ഇവയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിലേക്കു പ്രവേശിക്കാതെ പാടിപ്പഴകിയ പല്ലവികള്‍ ആവര്‍ത്തിക്കുന്നതിന്റെ അപകടം ആധുനികോത്തര ലോകത്തിലെ പല നവമാര്‍ക്‌സിസ്റ്റുകാരും ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വര്‍ഗസാമ്പത്തിക സമീപനങ്ങളുടെ പരിമിതി ഏതളവില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചര്‍ച്ചകള്‍ക്കു വിഷയീഭവിച്ചു എന്നു വ്യക്തമല്ല.
ജാതി, സ്ത്രീവിമോചനം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അടിത്തറ ഉപരിഘടന സമീപനം പുലര്‍ത്തുക വഴി വരുത്തിവെച്ച പരാജയം ഇനിയെങ്കിലും സ്വയം വിമര്‍ശനപരമായ നിലയില്‍ പാര്‍ട്ടി പര്യാലോചനകള്‍ക്കു വിഷയീഭവിപ്പിക്കേണ്ടതും കൊളോണിയല്‍ താത്പര്യങ്ങള്‍ രാഷ്ട്രീയസൈനിക അടവുകള്‍ വഴി മേധാവിത്തം സ്ഥാപിച്ചിരുന്ന പഴയരീതി തിരുത്തി പരോക്ഷമാര്‍ഗങ്ങളിലൂടെ പിന്‍നില നാടുകളില്‍ സാമ്പത്തിക മേധാവിത്തം ഉറപ്പിക്കുന്നതിന് മുഖ്യമായും അവര്‍ ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ അവഗണിച്ചു തള്ളുന്ന സാംസ്‌കാരിക മണ്ഡലങ്ങളെ തന്നെയാണ്. കലാസാഹിത്യമണ്ഡലങ്ങളിലെ പ്രവര്‍ത്തനത്തിനു സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. ഈ മേഖല കമ്മ്യൂണിസ്റ്റുകാര്‍ക്കു കൈവിട്ടു പോയതിന്റെ ഒന്നാന്തരം തെളിവാണ് നമ്മുടെ കലാസാഹിത്യരംഗം. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള പരസ്പരപൂരകമായ ബന്ധം തിരിച്ചറിഞ്ഞുകൊണ്ട് സംഘടനാതലത്തില്‍ പുനഃക്രമീകരണങ്ങള്‍ വരുത്താതെ പുരോഗമന കലാസാഹിത്യസംഘം പോലെയും യുവകലാസാഹിതി പോലെയുമുള്ള ഇടതുപക്ഷാനുകൂല സാംസ്‌കാരിക സംഘടനകള്‍ക്കു മുന്നോട്ട് പോകുക സാധ്യമല്ലെന്നതാണ് ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനാനുഭവം തെളിയിക്കുന്നത്.
ഭാവിയുടെ ചില ദിശാസൂചനകള്‍ എന്ന നിലയില്‍ ചില വിമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ കേരളീയസമൂഹത്തിന്റെ ഇന്നത്തെ പലതരത്തിലുള്ള മുന്നേറ്റങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വഹിച്ച പങ്ക് ആര്‍ക്കും എഴുതിത്തള്ളാവുന്നതല്ല. കേരളീയസമൂഹം നേടിയെടുത്തതെന്ന് അവകാശപ്പെട്ടിരുന്ന പല നേട്ടങ്ങളും പ്രതിലോമശക്തികളുടെ പിന്‍വാതില്‍ പ്രവേശത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ പൊതുപശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിവിധ ധാരകളെ കൂട്ടിയിണക്കുവാന്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മലബാറിലെ കര്‍ഷകപ്രസ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങളുമായി കണ്ണിചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞു. ജന്മിത്വം അവസാനിച്ചെങ്കിലും ജന്മിനാടുവാഴി വ്യവസ്ഥ മനുഷ്യമനസ്സില്‍ അവശേഷിപ്പിച്ചിരുന്ന മൂല്യസങ്കല്‍പങ്ങളിലെ ജന്മിത്വത്തിന്റെ കറ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ജാതിവിരുദ്ധപ്രസ്ഥാനങ്ങള്‍ ക്രമേണ ട്രേഡ് യൂനിയനുകളായി മാറിയപ്പോള്‍ ട്രേഡ് യൂനിയന്‍ മുതലാളിത്തം, ട്രേഡ് യൂനിയന്‍ ഗുണ്ടായിസം എന്നൊക്കെ വിളിക്കാവുന്ന പല പുതിയ പ്രതിഭാസങ്ങള്‍ക്കും വഴിയൊരുക്കി. ഇത്തരം ദുഷ്പ്രവണതകളെ കാലോചിതമായി തുടച്ചുമാറ്റുക എന്ന ഉത്തരവാദിത്തം കേരളീയര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതു നിറവേറ്റുക എന്നത് 1940കളുടെ ആരംഭം മുതല്‍ കേരളീയസമൂഹത്തില്‍ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം തുടങ്ങിവെച്ച സാമൂഹിക വിപ്ലവത്തിന്റെ അവശേഷിച്ച ഭാഗം തന്നെയാണ്. വ്യക്തിപൂജ പോലുള്ള ബാലിശമായ തര്‍ക്കങ്ങളില്‍ നിന്നു പിന്മാറി മേല്‍ സൂചിപ്പിച്ച ഉത്തരവാദിത്തങ്ങള്‍ എങ്ങനെ നിറവേറ്റാം എന്നതാകട്ടെ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പുതിയ പാര്‍ട്ടി കോണ്‍ഗ്രസ്സാനന്തര സമീപനം എന്ന് ആശംസിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നു കേട്ടാലുടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനാണ് കോണ്‍ഗ്രസാകുന്നതെന്നു ചോദിച്ചിരുന്ന ശുദ്ധാത്മാക്കളുടെ കാലം കഴിഞ്ഞു പോയി. ജനങ്ങളുടെ രാഷ്ട്രീയസാക്ഷരത അതിനൊക്കെ അപ്പുറം കടന്നു പോയി. എന്നിട്ടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ ചട്ടക്കൂടും മറ്റും പഴയ സോവിയറ്റ് യൂനിയന്റെ അതേ മാതൃകയില്‍ തന്നെ എന്തിന് തുടര്‍ന്നു കൊണ്ടു പോകണം എന്ന ചോദ്യം ആരും ഉന്നയിച്ചു കാണുന്നില്ല. ലോക കമ്മ്യൂണിസത്തിന്റെ ചരിത്രത്തെ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു മുമ്പെന്നും പിമ്പെന്നും രണ്ടായി തിരിച്ചു പരിശോധിച്ചാല്‍ എവിടെയാണ് തകരാറെന്ന് വേഗം തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ ഒരു തിരിഞ്ഞുനോട്ടത്തിനു ഇന്ത്യയിലെ രണ്ടു പ്രമുഖ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും ഇനിയും തയ്യാറായിട്ടില്ലെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. 1924ല്‍ ലെനിനിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ ജോസഫ് സ്റ്റാലിന്‍ മറ്റൊരു അഡോള്‍ഫ്ഹിറ്റ്‌ലറായി സോവിയറ്റ് യൂനിയന്റെ പുനര്‍നിര്‍മാണം ശക്തിപ്പെടുത്തി തുടങ്ങിയതോടെ അധികാര പ്രയോഗത്തിന്റെ തെറ്റായ ചില മാതൃകകളുമായി പൊരുത്തപ്പെടാന്‍ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധിതരായി. എതിര്‍ശബ്ദങ്ങള്‍ ഒന്നാകെ അടിച്ചമര്‍ത്തപ്പെട്ടു. “എല്ലാ മൃഗങ്ങളും തുല്യരാണ്. ചില മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു കൂടുതല്‍ തുല്യരാണ് എന്ന് അനിമല്‍ ഫാം എന്ന നോവലില്‍ ജോര്‍ജ് ഓര്‍വല്‍ നടത്തിയ ആക്ഷേപഹാസ്യപരമായ പരാമര്‍ശം അക്ഷരാര്‍ഥത്തില്‍ തന്നെ ശരിയാണെന്ന് ലോകമാകെ ബോധ്യപ്പെട്ടു. വല്യേട്ടന്റെ ഒളിച്ചുനോട്ടത്തെ എല്ലാ കുഞ്ഞേട്ടന്മാരും ഭയപ്പെട്ടു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ പോലും സ്റ്റാലിന്റെ കിങ്കരന്മാരാല്‍ വേട്ടയാടപ്പെട്ടു. എ ബി സി ഓഫ് കമ്മ്യൂണിസം എന്ന ശ്രദ്ധേയമായ പുസ്തകം എഴുതി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറ വികസിപ്പിച്ച ബുകാരിന്‍, ലിയോന്‍ട്രോട്‌സ്‌കി തുടങ്ങി പല വമ്പന്മാര്‍ക്കും സ്വന്തം ജീവന്‍ ത്യജിക്കേണ്ടി വന്നു. സൈബീരിയന്‍ ലേബര്‍ ക്യാമ്പിലേക്ക് കമ്മ്യൂണിസ്റ്റ് പുനര്‍വിദ്യാഭ്യാസം എന്ന പേരില്‍ അനേകായിരങ്ങള്‍ ആട്ടിപ്പായിക്കപ്പെട്ടു. 1930ലെയും 1936ലെയും പാര്‍ട്ടികോണ്‍ഗ്രസ്സുകളുടെ ചര്‍ച്ച കൊഴുപ്പിച്ച മിക്കവാറും എല്ലാ പാര്‍ട്ടി ഡെലിഗേറ്റുകള്‍ക്കും സ്റ്റാലിന്‍ മരിച്ച 1953ല്‍ തന്നെ ജീവന്‍ വെടിയേണ്ടി വന്നു. സി പി എസ് യുവിന്റെ 1955 ലെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ആര്‍ക്കും തന്നെ പങ്കെടുക്കേണ്ടി വന്നില്ല എന്നത് എന്തൊരു വിധിവൈപരീത്യം!
സമാനസാഹചര്യങ്ങള്‍ തന്നെയാണ് ഏറെ പ്രതീക്ഷകളുയര്‍ത്തിയ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ കാര്യത്തിലും സംഭവിച്ചത്. 1966-76 കാലത്ത് നാല്‍വര്‍ സംഘം എന്ന അധികാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിമര്‍ശങ്ങളെ നേരിടുന്നതിനു പകരം വിമര്‍ശകരെ ഉന്മൂലനം ചെയ്യുക എന്ന സമീപനം ശക്തിപ്പെട്ടു. ലോകത്തെവിടെയുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ കൈപുസ്തകമായി കൊണ്ടുനടന്ന “”എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം”” എന്ന പുസ്തകം എഴുതിയ ലിയൂഷാവോചി പോലും ജയിലിലടക്കപ്പെട്ടു. 1969 ല്‍ മഹാനായ ആ കമ്മ്യൂണിസ്റ്റ് പുറം ലോകം കാണാതെ ജയിലിനുള്ളില്‍ കിടന്നു മരിച്ചു. ചുവപ്പുസേനയുടെ കമാന്‍ഡര്‍ ആയിരുന്ന മാര്‍ഷല്‍ ലിന്‍പിയാവോ ഗത്യന്തരമില്ലാതെ ചൈനയില്‍ നിന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. മാര്‍ഗമധ്യേ അദ്ദേഹം വെടിയേറ്റു മരിച്ചു.
മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ കംബോഡിയയില്‍ ഖമറുഷ് (Khermer Rouge) ഭരണത്തില്‍ പോള്‍പോട്ടും സംഘവും നടത്തിയ ഭരണ വിളയാട്ടത്തില്‍ 30 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തങ്ങളുടെ ജീവിതകാലത്ത് തന്നെ കംബോഡിയയെ ഒരു വര്‍ഗരഹിത സ്വര്‍ഗമാക്കി മാറ്റാനുള്ള പരാക്രമത്തിന്റെ ഭാഗമായിരുന്ന ഇത്തരം നരഹത്യകള്‍. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ വികലവും വികൃതവും ആയ പ്രയോഗം വഴി പഴയ സോവിയറ്റ് യൂനിയനില്‍ മാത്രമല്ല മിക്ക കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കന്‍ കൊറിയയിലും ഒക്കെ ഭരണാധികാരികള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നും ലോകജനതയെ മൊത്തത്തില്‍ അകറ്റിക്കളഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. സിദ്ധാന്തങ്ങള്‍ എത്രമാത്രം ശരിയായിരുന്നാലും അവയെ തെറ്റായ രീതിയില്‍ പ്രയോഗത്തില്‍ വരുത്താന്‍ നടത്തുന്ന ഏതൊരു പരിശ്രമവും വിപരീതഫലമേ ഉളവാക്കൂ എന്ന പാഠമാണ് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ആയി ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉത്പാദിപ്പിച്ചത്. അധികാരം അഴിമതിയാണ് സമ്പൂര്‍ണ്ണ അധികാരം സമ്പൂര്‍ണ അഴിമതിയില്‍ കലാശിക്കും എന്ന തത്വം ശരിവെക്കുകയായിരുന്നു. പോയ നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങള്‍. സ്വര്‍ണത്തില്‍ തീര്‍ത്ത കത്തി കൊണ്ട് കൊല്ലപ്പെട്ടാലും ഇരുമ്പുകത്തികൊണ്ട് കൊല്ലപ്പെട്ടാലും കൊലപാതകം കൊലപാതകം തന്നെയെന്ന് ലോകം തിരിച്ചറിയുകയായിരുന്നു. വര്‍ഗരഹിത സമൂഹവും ഭരണരഹിത ഭരണവും എന്ന ഉട്ടോപ്യന്‍ സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ ഇറങ്ങിത്തിരിച്ചവര്‍ എങ്ങനെ കൂടുതല്‍ മനുഷ്യത്വരഹിതമായ മാനസികാവസ്ഥയിലേക്കു നിപതിച്ചു എന്ന് വിശദീകരിക്കുന്ന ഒരു പുസ്തകമായിരുന്നു പ്രസിദ്ധ യൂഗോസ്ലാവ്യന്‍ കമ്മ്യൂണിസ്റ്റ് മിലോവന്‍ജെലാസ്സിന്റെ “ദി ന്യൂ ക്ലാസ്സ് (പുത്തന്‍ വര്‍ഗം)”
ഈ പശ്ചാത്തലത്തിലായിരുന്നു മാര്‍ക്‌സിസം ലെനിനിസത്തിന്റെ പപ്പും തൂവലും പറിച്ച് ഉപ്പും മുളകും മഞ്ഞളും ഒക്കെ പുരട്ടി വരട്ടിയെടുത്ത യൂറോ കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവം. തൊഴിലാളിവര്‍ഗ വിപ്ലവം എന്ന ആശയമേ ഉപേക്ഷിച്ച് ജനാധിപത്യപരമായി ജനങ്ങളെ ശാക്തീകരിച്ചുകൊണ്ട് പൊതുവായ ഒരു ഇടതുപക്ഷ സമീപനം പുലര്‍ത്തി താഴെത്തട്ടിലുള്ള ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കു അറുതി വരുത്തുക എന്നതായിരുന്നു യൂറോ കമ്മ്യൂണിസത്തിന്റെ കാഴ്ചപ്പാട്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും 1957 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഇ എം എസിന്റെ നേതൃത്വത്തില്‍ ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നു എന്നത് മേല്‍പ്പറഞ്ഞ പരിഷ്‌കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ചുകൊണ്ടായിരുന്നു. അന്ന് ഇടതുപക്ഷം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം, വൈരുധ്യാധിഷ്ഠിത ഭൗതികവാദം, ശത്രുവര്‍ഗ ഉന്മൂലനം തുടങ്ങിയ വരട്ടുതത്വവാദപരമായ സിദ്ധാന്തങ്ങളുയര്‍ത്തിയ ഗൃഹാതുരത്വ സങ്കല്‍പങ്ങളില്‍ നിന്നും അണികളെ മുക്തരാക്കാനുള്ള ശേഷി ഇന്നത്തെ എന്നപോലെ അന്നത്തെയും പാര്‍ട്ടി നേതൃത്വത്തിനില്ലായിരുന്നു. ആ കുറവ് നികത്താനുള്ള അടവുതന്ത്രങ്ങളാണ് പോയ ആറു ദശകങ്ങളായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചു പോരുന്നത്. അതിനിടയില്‍ പാര്‍ട്ടി പല തവണ പിളര്‍ന്നു. പിളര്‍പ്പ് അണികളില്‍ കാര്യമായ ആവേശമൊന്നും സൃഷ്ടിച്ചില്ല. ആശയപരമല്ല ആമാശയപരമായിരുന്നു പല പിളര്‍പ്പുകളും. ഇടതിനുള്ളില്‍ വലതും വലതിനുള്ളില്‍ ഇടതും ഇടതിങ്ങി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ യു ഡി എഫ് – എല്‍ ഡി എഫ് ധ്രുവീകരണം കേരളത്തില്‍ സംഭവിച്ചു.
കേരളത്തിനു പുറത്ത് ബംഗാളിനും ത്രിപുരക്കും അപ്പുറമുള്ള ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേവലം ട്രേഡ് യൂനിയന്‍ നേതൃത്വം കൊണ്ട് തൃപ്തിപ്പെട്ടു കാലം പോക്കി. കമ്മ്യൂണിസം ലോകത്ത് അപ്രത്യക്ഷമായി എന്ന വലതുപക്ഷപ്രചാരണം ഒരു വശത്ത് ശക്തമായി നടക്കുമ്പോള്‍ തന്നെ യൂറോപ്പും എന്തിന് യു എസ് എ പോലും കാറല്‍ മാര്‍ക്‌സിനെ പാര്‍ട്ടിയുടെ വേലിക്കെട്ടുകള്‍ക്കു പുറത്തേക്കാനയിച്ചുകൊണ്ട് ഒരു പുത്തന്‍ മാര്‍ക്‌സിസം മത ദാര്‍ശനിക രംഗത്ത് മാത്രമല്ല സാമ്പത്തിക പരിഷ്‌കരണ രംഗത്തും ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് നമ്മള്‍ കാണാതിരിക്കരുത്. മാര്‍ക്‌സിലേക്കു മടങ്ങുക എന്ന മുദ്രവാക്യം ആ രാജ്യങ്ങളില്‍ ഇന്ന് മുമ്പെന്നത്തേതിലും ശക്തമാണ്.
യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ ഭാഗമായ ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒരിക്കല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അവയുടെ തനതു രൂപത്തില്‍ ശക്തമായിരുന്നു. ബഹുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്വയം നവീകരിക്കാന്‍ അവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമാണ് സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആ രാജ്യങ്ങളില്‍ ലഭിച്ച മേല്‍ക്കൈ. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നീ ത്രിവിധ ആക്രമണങ്ങളുടെ പിടിയിലമര്‍ന്ന യൂറോപ്യന്‍ യൂനിയനിലെ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍ പോലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ തിരിച്ചു വിളിക്കൂ എന്നല്ല മാര്‍ക്‌സിലേക്കു മടങ്ങൂ എന്ന മുദ്രാവാക്യമാണ് മുഴക്കുന്നത്.
ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ വീട്ടിലേക്കു മടങ്ങുക എന്ന മുദ്രാവാക്യത്തിനുപകരം മാര്‍ക്‌സിലേക്കു മടങ്ങുക എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി കാലോചിതമായി പര്യലോചിക്കേണ്ടിയിരിക്കുന്നു. അത്തരം ചില തിരുത്തലുകളോടെ മാര്‍ക്‌സിനെ ഇന്ത്യന്‍ സമൂഹത്തില്‍ അവതരിപ്പിക്കേണ്ട ബാധ്യത മസ്തിഷകത്തില്‍ ആള്‍താമസമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം തന്റെ കാലത്തെ മാര്‍ക്‌സിസ്റ്റുകാരെ നോക്കി കാറല്‍മാര്‍ക്‌സ് പറഞ്ഞതുപോലെ മാര്‍ക്‌സിനു വീണ്ടും പറയേണ്ടി വരും. ദൈവമേ നന്ദി. ഇതൊക്കെയാണ് മാര്‍ക്‌സിസം എങ്കില്‍ ഞാനൊരു മാര്‍ക്‌സിസ്റ്റായിരുന്നില്ല എന്നു തീര്‍ച്ച.

Latest