ഇന്ത്യക്ക് കാനഡ ഉടന്‍ യുറേനിയം നല്‍കിത്തുടങ്ങും

Posted on: April 18, 2015 4:45 am | Last updated: April 17, 2015 at 11:45 pm
SHARE

ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി കനേഡിയന്‍ കമ്പനിയായ കാമികോ ഉടന്‍ ഇന്ത്യക്ക് യുറേനിയം നല്‍കിത്തുടങ്ങും. കരാറിനെ ഏറെ പ്രാധാന്യപൂര്‍വമാണ് കമ്പനി കാണുന്നതെന്നും പുതിയ സൗഹൃദത്തില്‍ അങ്ങേയറ്റം ആകാംക്ഷാഭരിതമാണെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഇന്ത്യക്ക് യുറേനിയം നല്‍കിത്തുടങ്ങുമെന്ന് കാമികോ പ്രസിഡന്റും സി ഇ ഒയുമായ ടിം എസ് ഗിറ്റ്‌സല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മോദിയുടെ കാനഡ സന്ദര്‍ശനത്തിനിടെ രണ്ട് ദിവസം മുമ്പാണ് ആണവോര്‍ജ വകുപ്പും കാമികോയും കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം കനേഡിയന്‍ കമ്പനി അഞ്ച് വര്‍ഷത്തേക്ക് 350 മില്യണ്‍ കനേഡിയന്‍ ഡോളറിന് യുറേനിയം വിതരണം ചെയ്യും. ഇന്ത്യക്ക് യുറേനിയം നല്‍കാനുള്ള കരാറില്‍ ഒപ്പുവെക്കുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ. റഷ്യയും കസാഖിസ്ഥാനുമാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. കനേഡിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ അണുബോംബ് നിര്‍മിച്ചുവെന്ന് ആരോപണമുയര്‍ന്ന 1970കളില്‍ ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2013 ല്‍ നിലവില്‍ വന്ന കാനഡ- ഇന്ത്യ ആണവ സഹകരണ കരാറോടെ ഈ സാഹചര്യം പാടെ മാറി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ കരാര്‍. കാനഡയും ഇന്ത്യയും തമ്മില്‍ ആണവരംഗത്തുണ്ടായിരുന്ന ഭിന്നതകളും സംശയങ്ങളും ചരിത്രം മാത്രമാണെന്ന് ഗിറ്റ്‌സല്‍ പറഞ്ഞു.