Connect with us

International

പശ്ചിമേഷ്യയില്‍ ആയുധ വില്‍പ്പനയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ആയുധ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ചിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അറബ് വസന്തത്തിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയും മേഖലയില്‍ ഇറാന്റെ സ്വാധീനവും സഊദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള കാരണമായി. അറബ് നാറ്റോ എന്ന് കരുതാവുന്ന സൈനിക സഖ്യം രൂപവത്കരിക്കുമെന്ന് ഈജിപ്ത്, സഊദി, യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അറബ് മേഖലയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് കാരണമായി. അതേസമയം അന്താരാഷ്ട്രതലത്തില്‍ ആയുധ വില്‍പ്പനയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. 1998 മുതല്‍ 2014 വരെ അന്താരാഷ്ട്ര തലത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. 2014 ലെ ആഗോള ആയുധ വ്യാപാരം 1.8 ട്രില്യന്‍ ഡോളറായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് .4 ശതമാനത്തിന്റെ കുറവാണിത്. ലോകത്ത് ഏറ്റവും വലിയ ആയുധ വ്യാപാരം നടത്തുന്ന യു എസിന്റെ ഇടപാടില്‍ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 6.5 ശതമാനം കുറവാണ് യു എസിന്റെ ആയുധ വ്യാപാരത്തില്‍ രേഖപ്പെടുത്തിയത്. ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിച്ചതും ഇതിന് കാരണമായി.
എന്നാല്‍ കിഴക്കന്‍ യൂറോപ്പില്‍ ആയുധ വ്യാപാരത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളുമായി ഉടലെടുത്ത സംഘര്‍ഷം ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ റഷ്യയെ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉക്രൈന്‍- റഷ്യ വിഷയത്തെ സംബന്ധിച്ച് ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും വാക് തര്‍ക്കം തുടരുകയാണ്. അടുത്തിടെയുണ്ടായ വിവിധ സംഘര്‍ഷങ്ങളിലായി പതിനായിരക്കണക്കിന് ഉക്രൈന്‍കാര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.