Connect with us

National

രാഹുലിനോട് തിരിച്ചുവരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: “അജ്ഞാതവാസ”ത്തിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തിരിച്ചെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. മടങ്ങിയെത്തണമെന്നാവശ്യപ്പെട്ട് രാഹുലിന് ഇ മെയില്‍ അയച്ചുവെന്നും എന്നാല്‍ അദ്ദേഹം ഇതുവരെ മറുപടിയൊന്നും നല്‍കിയില്ലെന്നും സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. പാര്‍ട്ടിയെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ സോണിയക്ക് മാത്രമേ കഴിയൂ. രാഹുല്‍ ഉപാധ്യക്ഷനായി തുടരണം.
അതേസമയം രാഹുലിന് കൂടുതല്‍ പരിശീലനം ആവശ്യമാണെന്നും തിരിച്ചെത്തിയാല്‍ അദ്ദേഹം യാത്രകള്‍ ചെയ്യേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. രാഹുലിനെ എഴുതിത്തള്ളരുത്, അദ്ദേഹം കഠിനാധ്വാനിയാണ്. പത്ത് വര്‍ഷം കൊണ്ട് ആര്‍ക്കും കപ്പലിന്റെ ക്യാപ്റ്റനാകാന്‍ കഴിയില്ലെന്ന് സിംഗ് പറഞ്ഞു. രാഹുലിന്റെ അജ്ഞാത വാസം സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ വിവിധ കോണുകളില്‍ നിന്നുള്ള ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 44 കാരനായ രാഹുല്‍ ഗാന്ധി ഫെബ്രുവരി അവസാനത്തിലാണ് “അജ്ഞാത വാസത്തി”ന് പോയത്. ഈ മാസം അവസാനം അദ്ദേഹം തിരച്ചെത്തുമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍.