മാലിന്യപെട്ടിയില്‍ പരതിയാല്‍ 10,000 ദിര്‍ഹം പിഴ

Posted on: April 11, 2015 8:42 pm | Last updated: April 11, 2015 at 8:42 pm

wasteഅജ്മാന്‍: മാലിന്യം ശേഖരിക്കുന്ന പെട്ടികളില്‍ പരതുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ. അജ്മാന്‍ നഗരസഭാ തലവന്‍ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍നുഐമിയാണ് മാലിന്യ പെട്ടിയില്‍ നിന്ന് വസ്തുക്കള്‍ ശേഖരിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി മലിനീകണത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന നിയമലംഘനമാണിത്. ചവറുപെട്ടികള്‍ പരതുന്ന സ്ഥാപനങ്ങള്‍ക്കു പതിനായിരം ദിര്‍ഹമാണു പിഴ നിശ്ചയിച്ചത്. വ്യക്തികളാണു മാലിന്യം നിക്ഷേപിക്കാനുള്ള നഗരസഭയുടെ പെട്ടികളില്‍ പരതുന്നതെങ്കില്‍ ആയിരം ദിര്‍ഹം പിഴലഭിക്കും.
വിവിധ വസ്തുക്കള്‍ ചവറുപെട്ടികളില്‍ നിന്ന് പെറുക്കിയെടുക്കുന്ന പ്രവണത പലയിടങ്ങളിലും വ്യാപകമാണ്. ചില സ്ഥാപനങ്ങള്‍ ഇതിനായി തൊഴിലാളികളെ നിയമിക്കുന്നുണ്ടെന്നും പരാതിയുണ്ട്. തൊഴില്‍ സമയം കഴിഞ്ഞ് അധിക വരുമാനത്തിനായി ചവറുപെട്ടികളെ ആശ്രയിക്കുന്നവരും വിരളമല്ല. സാധനങ്ങള്‍ ശേഖരിച്ചു ആക്രിക്കച്ചവടക്കാര്‍ക്കും കമ്പനികള്‍ക്കും കൈമാറിയാണു പണമുണ്ടാക്കുന്നത്.കുപ്പികള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, കാര്‍ട്ടനുകള്‍ തുടങ്ങി പലവസ്തുക്കളും മാലിന്യക്കൂനകളില്‍ നിന്നും ശേഖരിക്കുയാണു പതിവ്. രാത്രി ഏറെ വൈകിയും പുലര്‍ച്ചെയുമാണു ചവറുപെട്ടിയില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കാന്‍ ആളുകളെത്തുന്നത്. പുനുരുല്‍പാദനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു നഗരസഭ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്.