ഫോണുകള്‍ക്ക് വിലക്കുറവ്, പ്രതിഷേധിച്ച് വ്യാപാരികള്‍ പണിമുടക്കി

Posted on: April 11, 2015 4:57 am | Last updated: April 10, 2015 at 10:57 pm

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ ഗള്‍ഫ് ബസാറില്‍ നാലുദിവസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച കടയില്‍ മൊബൈല്‍ ഫോണുകളും മൊബൈല്‍ ആക്‌സസറീസ് സാധനങ്ങളും വിലകുറച്ചു വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് മറ്റു വ്യാപാരികള്‍ മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ടു.
കുറഞ്ഞ വിലയ്ക്കാണ് ഫോണുകളും, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, സ്‌ക്രീന്‍ കാര്‍ഡ്, സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഗ്ലാസ്, കാര്‍ഡ് റീഡര്‍, കാര്‍ ചാര്‍ജര്‍ തുടങ്ങിയ മൊബൈല്‍ ആക്‌സസറീസ് ഉത്പന്നങ്ങളും മറ്റും ഈ കടയിലൂടെ വില്‍പന നടത്തിവന്നത്.
വിലക്കുറവ് സംബന്ധിച്ചുള്ള നോട്ടീസും കടയുടമ പുറത്തിറക്കിയിരുന്നു. നേരത്തെ ഇവിടെ വ്യാപാരം നടത്തിവന്ന കടയുടമ സ്ഥാപനം മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്തതോടെയാണ് പുതിയതായി എത്തിയ വ്യാപാരി വമ്പിച്ച വിലക്കുറവുമായി രംഗത്തുവന്നത്. ഇതോടെ വര്‍ഷങ്ങളായി ഗള്‍ഫ് ബസാറില്‍ മൊബൈലും അനുബന്ധ സാധനങ്ങളും കച്ചവടം നടത്തിവന്നിരുന്ന നിരവധി കടയുടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കടയുടമയ്ക്ക് സ്ഥാപനം പൂട്ടേണ്ടി വന്നു.
പിന്നീട് പോലീസുമായി വന്ന് സ്ഥാപനം തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ വ്യാപാരികളുടെ സംഘടനാ നേതാവ് പോലീസിനോട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിക്കയറിയെന്ന് ആരോപിച്ചാണ് പ്രതിഷേധ സൂചകമായി മുഴുവന്‍ മൊബൈല്‍ കടകളും അടച്ചിടുകയായിരുന്നു.
ഒരുതരത്തിലുള്ള ലാഭവും ലഭിക്കാതെയാണ് പുതിയ വ്യാപാരി മറ്റുള്ളവരുടെയെല്ലാം കച്ചവടം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വന്‍ വിലക്കുറവ് പ്രഖ്യാപിച്ചതെന്നും ഇത് മറ്റു വ്യാപാരികളുടെ കച്ചവടത്തെ ബാധിച്ചതായുമാണ് പരാതി.അതിനിടെ കട ആക്രമിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് കടയുടമ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി.
എസ് പിയുടെ നിര്‍ദേശപ്രകാരം ഹനീഫ, വിശ്വന്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയുന്നവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.